നിദ ഫാത്തിമ

നിദ ഫാത്തിമയുടെ മരണം: വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് മന്ത്രി വി. ശിവൻകുട്ടിയുടെ കത്ത്

തിരുവനന്തപുരം: ദേശീയ സൈക്കിൾ പോളോ സബ്ജൂനിയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ മഹാരാഷ്ട്രയിലെ നാഗ്പൂരിൽ എത്തിയ കേരള ടീം അംഗം നിദ ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെക്ക് കത്തയച്ചു.

കുട്ടിക്ക് മെച്ചപ്പെട്ട വൈദ്യസഹായം ലഭിച്ചില്ലെന്ന ആരോപണവും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ സഹകരണവും കേരള സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

ആലപ്പുഴ അമ്പലപ്പുഴ കക്കഴം സ്വദേശിനിയാണ് നിദ ഫാത്തിമ. ദേശീയ സബ് ജൂനിയർ സൈക്കിൾ പോളോയിൽ പങ്കെടുക്കാൻ ഡിസംബർ 20നാണ് നിദയടങ്ങിയ സംഘം നാഗ്പൂരിലെത്തിയത്. ബുധനാഴ്ച രാത്രി ഛർദിച്ച് കുഴഞ്ഞുവീണ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വ്യാഴാഴ്ച രാവിലെയായിരുന്നു മരണം. 

നിദ ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് എ.എം ആരിഫ് എം.പി പാർലമെന്റിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്. നൽകിയിരുന്നു. വിശദമായ അന്വേഷണം നടത്തുമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ ഉറപ്പ് നൽകിയിട്ടുണ്ട്. നിദയുടെ മരണത്തിൽ സുപ്രീംകോടതി അഭിഭാഷകൻ ബാലാവകാശ കമീഷനും പരാതി നൽകിയിട്ടുണ്ട്. 

അതിനിടെ കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യ ഹരജിക്ക് ഹൈകോടതി അനുമതി നൽകിയിരുന്നു. കോടതി ഉത്തരവോടെ എത്തിയിട്ടും നിദ ഫാത്തിമക്ക് വെള്ളവും ഭക്ഷണവും സംഘാടകർ നൽകിയില്ലെന്ന് അഭിഭാഷകർ വാദിച്ചു. ഇക്കാര്യത്തിൽ കർശന നടപടി വേണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് ജസ്റ്റിസ് വി.ജി അരുൺ കോടതിയലക്ഷ്യ ഹരജിക്ക് അനുമതി നൽകുകയായിരുന്നു. മരണത്തിൽ കേരള സൈക്കിൾ പോളോ അസോസിയേഷൻ കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ദേശീയ ഫെഡറേഷനെതിരെയാണ് ഹരജി നൽകുക.

Tags:    
News Summary - Nida Fathima's death: Minister V. Shivankutty's letter to Maharashtra chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.