തിരുവനന്തപുരം: ഇടതുപക്ഷതീവ്രവാദബാധിതപ്രദേശങ്ങളുടെ കൂട്ടത്തില്‍ കേരളത്തിന്‍െറ പേരും ഉള്‍പ്പെടുത്താനുള്ള ‘ഏറ്റുമുട്ടല്‍ നാടക’മാണ് നിലമ്പൂരില്‍ അരങ്ങേറിയതെന്ന ആക്ഷേപം ശക്തമാവുന്നു. പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ടുപേരോടൊപ്പമുണ്ടായിരുന്ന, കാണാതായി എന്ന് പൊലീസ് പറയുന്ന കല്‍പറ്റ ചുഴലി സ്വദേശി സോമനെ കണ്ടത്തെണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും മനുഷ്യാവകാശപ്രവര്‍ത്തകര്‍ ആലോചിക്കുന്നു.
വലത്, ഇടത് സര്‍ക്കാറുകള്‍ മാവോവാദി ഭീഷണിയെക്കുറിച്ച് ആശങ്ക ഉയര്‍ത്തുമ്പോഴും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍െറ വെബ്സൈറ്റിലെ ഇടതുപക്ഷതീവ്രവാദ ബാധിത ജില്ലകളുടെ പട്ടികയില്‍ കേരളത്തിലെ ഒരു ജില്ലയെയും ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇടതുതീവ്രവാദ പ്രശ്നബാധിത സംസ്ഥാനങ്ങളായി പ്രഖ്യാപിച്ചിരിക്കുന്നത് ഛത്തിസ്ഗഢ്, ഝാര്‍ഖണ്ഡ്, ഒഡിഷ, ബിഹാര്‍, പശ്ചിമബംഗാള്‍, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവയെയാണ്. ഈ പട്ടികയില്‍ ഉള്‍പ്പെടുന്നതിനും അതിലൂടെയുള്ള കേന്ദ്രസഹായം നേടിയെടുക്കാനും കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലംമുതല്‍തന്നെ പൊലീസിലെ ഉന്നതര്‍ ശ്രമിക്കുന്നുണ്ട്. അധികാരമേറ്റതിനുപിന്നാലെ ജൂലൈ 20ന് അന്തര്‍സംസ്ഥാന കൗണ്‍സിലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗവും നിലമ്പൂര്‍ സംഭവത്തിന്‍െറ പശ്ചാത്തലത്തില്‍ ചര്‍ച്ചയാവുകയാണ്. കേരളത്തിന്‍െറ വടക്കന്‍ ജില്ലകളിലെ മുക്കവല (ട്രൈ ജങ്ഷന്‍)യിലെ ഇടതുപക്ഷ തീവ്രവാദപ്രവര്‍ത്തനം സംസ്ഥാനം ഗൗരവമായാണ് എടുത്തിരിക്കുന്നതെന്നാണ് പിണറായി അന്ന് പറഞ്ഞത്. ഇതിനെ പ്രതിരോധിക്കാന്‍ പ്രത്യേക സേനയെ സജ്ജമാക്കാന്‍ ശ്രമിക്കുകയാണ്. കേന്ദ്രത്തില്‍ നിന്നുള്ള സാമ്പത്തിക, ഉപകരണ, മാനവവിഭവശേഷി സഹായവും പരിശീലനകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ കേന്ദ്രസേനയില്‍ നിന്നുള്ള പരിശീലനവും ലഭിക്കണം. കൗണ്ടര്‍ ഇന്‍സര്‍ജന്‍സി-ആന്‍റി ടെററിസം (സി.ഐ.എ.ടി) സ്കൂളും ഒരു ബറ്റാലിയന്‍ ഇന്ത്യന്‍ റിസര്‍വിനെയും സെന്‍ട്രല്‍ ആംഡ് പൊലീസ് സേനയില്‍ നിന്നുള്ള ഓഫിസര്‍മാരെ ഡെപ്യൂട്ടേഷനില്‍ പരിശീലനത്തിനും നല്‍കണം, എന്‍.എസ്.ജിയില്‍ നിന്നും ഐ.ബിയില്‍ നിന്നും സമാനമായ സഹായം ഉണ്ടാവണം തുടങ്ങിയ ആവശ്യങ്ങള്‍ മുഖ്യമന്ത്രി യോഗത്തില്‍ ഉന്നയിച്ചിരുന്നു.
സംസ്ഥാനത്ത് സായുധ ആക്രമണങ്ങള്‍ മാവോവാദികളുടെ ഭാഗത്തുനിന്നുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ക്രഷര്‍, ടോള്‍ വിരുദ്ധ ജനകീയസമരങ്ങളിലും തെരഞ്ഞെടുപ്പ് ബഹിഷ്കരണ പോസ്റ്റര്‍ ഒട്ടിക്കലിലുമാണ് മാവോവാദികള്‍ പങ്കാളികളായിരുന്നത്. മലബാര്‍ മേഖലയില്‍ ഖനനമാഫിയക്കെതിരായ സമരം ശക്തമാവുന്ന സാഹചര്യത്തിലാണ് സംഭവം ഉണ്ടായിരിക്കുന്നതും. മാവോവാദി പ്രവര്‍ത്തനം ശക്തമെന്ന പൊലീസ് ഭാഷ്യത്തിന് ഇവ തിരിച്ചടിയാവുമെന്നതിനാലാണ് ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്ന പൊലീസ് നിലപാടെന്നാണ് മനുഷ്യാവകാശപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. കൊല്ലപ്പെട്ട കുപ്പു ദേവരാജിന്‍െറയും അജിതയുടെയും ദേഹത്ത് ആകെ 26 വെടിയുണ്ടകള്‍ ഏറ്റത് നിരായുധര്‍ക്ക് നേരെ നടന്ന വെടിവെപ്പിന്‍െറ സൂചനയാണെന്നും അവര്‍ പറയുന്നു. കാണാതായി എന്ന് പൊലീസ് പറയുന്ന സോമനും കൊല്ലപ്പെട്ടെന്ന ആശങ്കയാണ് ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്യാന്‍ പ്രേരണയാവുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.