മലപ്പുറം: 2018ലെ പ്രളയാനന്തര പുനർനിർമാണ ഭാഗമായി പീപ്പിൾസ് ഫൗണ്ടേഷൻ പ്രഖ്യാപിച്ച പദ്ധതിയിൽ നിർമിച്ച ‘നിലമ്പൂർ പീപ്പിൾസ് വില്ലേജ്’ വെള്ളിയാഴ്ച ഗുണഭോക്താക്കൾക്ക് സമർപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 12 വീടുകളും കുടിവെള്ളമുൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളും ഉൾക്കൊള്ളുന്നതാണ് വില്ലേജ്. വെള്ളിയാഴ്ച വൈകീട്ട് നാലിന് നമ്പൂരിപ്പൊട്ടിയിൽ കോവിഡ് മാനദണ്ഡം പാലിച്ച് ചടങ്ങ് നടക്കും.
പ്രളയത്തിൽ വ്യാപക നാശമാണ് നമ്പൂരിപ്പൊട്ടിയിലും പരിസരങ്ങളിലുമുണ്ടായത്. നിരവധി കുടുംബങ്ങൾക്ക് സർവതും നഷ്ടമായി. ഇവരാണ് പീപ്പിൾസ് വില്ലേജിലൂടെ പുതുജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, കെ. കൃഷ്ണൻകുട്ടി, ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അസി. അമീർ മുഹമ്മദ് സലീം എൻജിനീയർ എന്നിവർ വിഡിയോ കോൺഫറൻസ് വഴി പരിപാടിയിൽ സംബന്ധിക്കും. ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്, അസി. അമീർ പി. മുജീബ് റഹ്മാൻ, എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി. അബ്ദുൽ വഹാബ്, എം.എൽ.എമാരായ എ.പി. അനിൽകുമാർ, പി.കെ. ബഷീർ, പി.വി. അൻവർ തുടങ്ങിയവർ പങ്കെടുക്കും.
10 കോടി രൂപ ചെലവ് വരുന്ന 2019ലെ പ്രളയ പുനരധിവാസ പദ്ധതികൾ വിവിധ കേന്ദ്രങ്ങളിൽ പുരോഗമിക്കുകയാണ്. കവളപ്പാറയിൽ ഭൂമിയും വീടും നഷ്ടമായവരെ പുനരധിവസിപ്പിക്കാൻ എടക്കര വില്ലേജിൽ ഒന്നേമുക്കാൽ ഏക്കർ സ്ഥലം വാങ്ങി. 25 വീടുകളാണ് ഇവിടെ നിർമിക്കുക. ഇംപെക്സിെൻറ സഹായത്തോടെ 60 വീടുകളാണ് മേഖലയിൽ മൊത്തം നിർമിക്കുന്നത്. പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി, സഫിയ അലി, എം. അബ്ദുൽ മജീദ്, സാദിഖ് ഉളിയിൽ, ഹമീദ് സാലിം, സലീം മമ്പാട്, അബൂബക്കർ കരുളായി എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.