ഷൊർണൂർ: നിലമ്പൂരിലേക്കുള്ള ട്രെയിൻ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ കോഴിക്കോട്ടേക്കുള്ള ട്രെയിൻ തടഞ്ഞു. ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ് ട്രെയിനിൽ വന്നിറങ്ങിയ യാത്രക്കാർക്കാണ് നിലമ്പൂർ ട്രെയിൻ ലഭിക്കാതിരുന്നത്. ഇതോടെ സ്ത്രീകളും കുട്ടികളുമടക്കമുള്ള നൂറുകണക്കിന് യാത്രക്കാരാണ് ഷൊർണൂരിൽ കുടുങ്ങിയത്.
റെയിൽവേ സ്റ്റേഷൻ മാനേജർ, ആർ.പി.എഫ്, റെയിൽവേ പൊലീസ് എന്നിവരുമായി യാത്രക്കാർ സംസാരിച്ചെങ്കിലും പരിഹാരമുണ്ടായില്ല. തുടർന്നാണ് രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ട പാസഞ്ചർ ട്രെയിൻ യാത്രക്കാർ തടഞ്ഞത്. റെയിൽവേ അധികൃതർ സ്ഥലത്തെത്തിയെങ്കിലും വഴങ്ങാതിരുന്ന യാത്രക്കാർ ഒന്നര മണിക്കൂറോളം ട്രെയിൻ തടഞ്ഞിട്ടു. റെയിൽവേ എസ്.ഐ അനിൽ മാത്യുവിന്റെ സാന്നിധ്യത്തിൽ യാത്രക്കാരുമായി ചർച്ച നടത്തി.
ബസുകളിൽ നിലമ്പൂർ ഭാഗത്തേക്ക് എത്തിക്കാൻ സൗകര്യം ഏർപ്പെടുത്താൻ തീരുമാനമായി. ഇതോടെയാണ് സമരം അവസാനിപ്പിച്ചത്. എസ്.ഐ അനിൽ മാത്യു, ട്രെയിൻ പാസഞ്ചേഴ്സ് അസോസിയേഷൻ നേതാവ് സൺഷൈൻ എന്നിവരാണ് ബസുകൾ ഏർപ്പാടാക്കിയത്. ആവശ്യമായ തുക യാത്രക്കാരാണ് വഹിച്ചത്.
അതേസമയം, നമ്പർ 06475 ഷൊർണൂർ-നിലമ്പൂർ ട്രെയിനും എക്‌സിക്യൂട്ടിവ് എക്‌സ്‌പ്രസ് (നമ്പർ 16307) ട്രെയിനുകളും കണക്ഷനുകളല്ലെന്ന് റെയിൽവേ വാർത്തക്കുറിപ്പിൽ അറിയിച്ചു. എക്‌സിക്യൂട്ടിവ് എക്‌സ്‌പ്രസ് രാത്രി 7.47ന് ഷൊർണൂരിൽ എത്തുകയും 8.10ന് പുറപ്പെടുന്ന ഷൊർണൂർ-നിലമ്പൂർ ട്രെയിനിന്റെ സമയക്രമമനുസരിച്ച് യാത്രക്കാർക്ക് കയറാൻ മതിയായ സമയം നൽകുകയുമാണ് പതിവ്. എന്നാൽ, തിരുവനന്തപുരം ഡിവിഷനിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ എക്‌സിക്യൂട്ടിവ് എക്‌സ്‌പ്രസ് വൈകാറുണ്ട്. അതിനാൽ മറ്റു യാത്രക്കാർക്ക് കൂടുതൽ തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ ഷൊർണൂർ-നിലമ്പൂർ ട്രെയിൻ പുറപ്പെടും. ആ ട്രെയിൻ വൈകുന്നത് നിലമ്പൂർ റോഡിൽനിന്ന് ഷൊർണൂർ ജങ്ഷനിലേക്കുള്ള മറ്റു സർവിസുകളെ ബാധിക്കും. ഇത് ചെന്നൈയിലേക്കും തിരുവനന്തപുരത്തേക്കുമുള്ളതുൾപ്പെടെയുള്ള കണക്ഷനുകൾ നഷ്‌ടപ്പെടാനിടയാക്കുമെന്നും റെയിൽവേ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.