കോഴിക്കോട്: നിപ വൈറസിന് ജനിതക മാറ്റം ഉണ്ടായിട്ടില്ലെന്ന് നിഗമനം. മനുഷ്യരിലും വവ്വാലുകളിലും നടത്തിയ പഠനത്തിൽ 2018ലും 2019ലും 2021ലും ഒരേ വൈറസ് തന്നെയാണ് ബാധിച്ചിരിക്കുന്നത് എന്നതാണ് നിഗമനം. 99.7 ശതമാനം വൈറസിന്റെ സ്വഭാവം ഒരേ നിലയിലാണുള്ളത്. 2023ൽ നടത്തിയ സ്വീക്വൻസിങ്ങിൽ തെളിഞ്ഞത് അതേ വൈറസ് തന്നെയാണ് ഇത്തവണയും ബാധിച്ചിരിക്കുന്നത് എന്നാണ്. ഇതു സംബന്ധിച്ച് കൂടുതൽ പഠനം നടത്തേണ്ടതുണ്ട്. നിപ രോഗവ്യാപനം ഉണ്ടായതിനടുത്ത ഒരു പ്രത്യേക സ്ഥലത്തുനിന്ന് ശേഖരിച്ച 36 വവ്വാൽ സാമ്പിളുകൾ പരിശോധിച്ചതും നെഗറ്റിവായിരുന്നു. തൊട്ടടുത്ത സ്ഥലത്തുനിന്നും സാമ്പിൾ എടുത്തിട്ടുണ്ട്.
ഐ.സി.എം.ആർ ലാബുമായി ബന്ധപ്പെട്ടവരും മൃഗസംരക്ഷണ വകുപ്പിൽനിന്നുള്ളവരും ജില്ലയിൽ പരിശോധന നടത്തുന്നുണ്ട്. കാട്ടുപന്നികൾ ചത്തതിന്റെ സാമ്പിൾ പരിശോധനക്കായി ശേഖരിച്ചു. ഇതുവരെ അസ്വാഭാവികമായി ഒന്നും ഇല്ലെന്നാണ് കേന്ദ്രസംഘം അറിയിച്ചത്. ആദ്യരോഗിക്ക് എവിടെ നിന്നാണ് രോഗം വന്നതെന്നതിന്റെ പരിശോധന നടത്തിവരുന്നുണ്ട്. കേരളത്തിലെ ആരോഗ്യ സംവിധാനം ശക്തമായതുകൊണ്ട് രോഗം കൃത്യമായി കണ്ടുപിടിക്കാനാകുന്നുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
21 ദിവസം ഐസൊലേഷൻ നിർബന്ധം
നിപ രോഗബാധിതരുമായി സമ്പർക്കത്തിലായിരുന്ന എല്ലാവരും നിർബന്ധമായും 21 ദിവസം ഐസൊലേഷൻ പൂർത്തീകരിക്കണമെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. പരിശോധയിൽ നെഗറ്റിവ് ആയാലും ഐസൊലേഷൻ നിർബന്ധമാണ്. ഹൈറിസ്ക്, ലോറിസ്ക് സമ്പർക്കമുള്ള എല്ലാവർക്കും ഇത് ബാധകമാണ്. 21 ദിവസത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും വൈറസ് സജീവമാകാം എന്നതിനാലാണിത്.
രോഗഭീതി ഒഴിയുകയാണെങ്കിലും അമിത ആത്മവിശ്വാസം വേണ്ടെന്നും അത് അപകടം ചെയ്യുമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഇതുവരെ സ്വീകരിച്ച ജാഗ്രത തുടരണം. ജില്ലയിൽ എല്ലാവരും കൃത്യമായി മാസ്ക് ഉപയോഗിക്കണം. ഇതുവരെ എല്ലാവരും ഒരുമിച്ച് ഒറ്റക്കെട്ടായി സ്വീകരിച്ച സമീപനം തുടർന്നാൽ ഏതാനും ദിവസംകൊണ്ട് സാധാരണ നിലയിലേക്ക് തിരിച്ചെത്താൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. അവലോകന യോഗത്തിൽ മേയർ ഡോ. ബീന ഫിലിപ്പ്, കലക്ടർ എ. ഗീത, സബ് കലക്ടർ വി. ചെൽസ സിനി, അസി. കലക്ടർ പ്രതീക് ജെയിൻ, എ.ഡി.എം സി. മുഹമ്മദ് റഫീഖ്, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, അഡീഷനൽ ഡയറക്ടർ ഡോ. നന്ദകുമാർ, ജില്ല മെഡിക്കൽ ഓഫിസർ ഡോ. രാജാറാം, ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ. സി.കെ. ഷാജി, കേന്ദ്രസംഘാംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
ചൊവ്വാഴ്ച ലഭിച്ച 49 പേരുടെ പരിശോധനഫലം നെഗറ്റിവാണ്.
കോഴിക്കോട്: നിപ വൈറസ് ബാധയിൽ ആശങ്ക അകലുന്നു. തുടർച്ചയായ നാലാം ദിവസവും പുതിയ പോസിറ്റിവ് കേസുകൾ ഇല്ലാത്തത് ആത്മവിശ്വാസം നൽകുന്നുണ്ടെങ്കിലും ജാഗ്രത കൈവിടരുതെന്ന് വിദഗ്ധർ. ചൊവ്വാഴ്ച ലഭിച്ച 49 പേരുടെ പരിശോധനഫലം നെഗറ്റിവാണ്. ആദ്യ രോഗിയുടെ ഹൈറിസ്ക് സമ്പർക്കത്തിൽപ്പെട്ട 281 പേരുടെ ഐസൊലേഷൻ പൂർത്തിയായതായി അവലോകനയോഗത്തിനുശേഷം മന്ത്രി വീണ ജോർജ് അറിയിച്ചു.
36 സാമ്പിളുകളുടെ പരിശോധനഫലം വരാനുണ്ട്.
ചൊവ്വാഴ്ച 16 പേരെയാണ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. നിലവിൽ 11 പേരാണ് ഐസൊലേഷനിലുള്ളത്. ചികിത്സയിലുള്ള മൂന്നുപേരുടെയും നില തൃപ്തികരമാണ്. ഒമ്പതുകാരന്റെ നില മെച്ചപ്പെട്ടിട്ടുണ്ട്. ഫറോക്ക് ഒഴികെയുള്ള എല്ലായിടത്തും വീടുകളിൽ നടക്കുന്ന സർവേ പൂർത്തിയായി. 52,667 വീടുകളിലാണ് സർവേ പൂർത്തിയാക്കിയതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.