കോഴിക്കോട്: ഒന്നാം പിണറായി സർക്കാർ നിയമിച്ച വനിത കമീഷനിൽ മലബാറിനോട് കാണിച്ചത് തികഞ്ഞ അവഗണന. അധ്യക്ഷയോ അംഗങ്ങളോ മലബാറുകാരല്ലാതെ ആദ്യമായാണ് സംസ്ഥാനത്ത് ഒരു വനിത കമീഷൻ പ്രവർത്തിച്ചത്. എം.സി. ജോസഫൈൻ രാജിവെച്ചതിനാൽ പുതിയ അധ്യക്ഷ മലബാറിൽനിന്നായിരിക്കണെമന്ന ആവശ്യമാണുയരുന്നത്.
സ്ഥാനമൊഴിഞ്ഞ എം.സി. ജോസഫൈൻ എറണാകുളം അങ്കമാലിക്കാരിയാണ്. അംഗങ്ങളായ ഷാഹിദ കമാലും എം.എസ്. താരയും െകാല്ലം സ്വദേശികളാണ്. ഷിജി ശിവജി എറണാകുളത്തും ഇ.എം.എസിെൻറ മകൾ കൂടിയായ ഇ.എം രാധ തിരുവനന്തപുരത്തുമുള്ളവരാണ്. തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽനിന്ന് ഒറ്റ അംഗത്തെപ്പോലും നിയമിച്ചിരുന്നില്ല.
മുൻപ് ഇരു മുന്നണികളും മലബാറിന് മതിയായ പ്രാതിനിധ്യം നൽകിയിരുന്നു. 1996ൽ സുഗതകുമാരിക്ക് കീഴിൽ വിവിധ ഘട്ടങ്ങളിലായി എം. കമലം, നൂർബീന റഷീദ്, ടി. ദേവി എന്നിവർ മലബാറിൽനിന്നുണ്ടായിരുന്നു. 2002ൽ ടി. ദേവിയും പി.കെ സൈനബയും അംഗങ്ങളായി. 2007ൽ എം. കമലം അധ്യക്ഷയായി. കോഴിക്കോട് പയ്യോളി സ്വദേശി പി. കുൽസു ആയിരുന്നു അംഗങ്ങളിൽ ഒരാൾ. 2007ൽ ജസ്റ്റിസ് ഡി. ശ്രീദേവി വീണ്ടും അധ്യക്ഷയായപ്പോൾ ടി. ദേവിയും പി.കെ സൈനബയും അംഗങ്ങളായി.
2012ൽ വയനാട്ടുകാരിയായ കെ.സി റോസക്കുട്ടി ചെയർപേഴ്സണായി. നൂർബീന റഷീദ് ഈ കമീഷനിൽ വീണ്ടും അംഗമായി. മലബാറിൽ മേഖല കേന്ദ്രം തുടങ്ങണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല. കണ്ണൂരിൽനിന്നുള്ള ജനാധിപത്യ മഹിള അസോസിയേഷൻ നേതാവ് എൻ. സുകന്യയുൾപ്പെടെ സ്ത്രീകളുടെ വിഷയങ്ങൾ ആഴത്തിൽ അറിയുന്നവരെ നിയമിക്കുെമന്ന സൂചനകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.