‘മുകേഷിനെതിരായ മൊഴിയിൽ ഉറച്ചുനിൽക്കുന്നു, മുഖ്യമന്ത്രിയുടെ വാക്കുകൾ ഊർജമായി’; കോടതിയിൽ രഹസ്യമൊഴി നൽകി നടി

കൊച്ചി: മുകേഷിനെതിരായ ലൈംഗികാതിക്രമ പരാതിയിലും മൊഴിയിലും ഉറച്ചുനിൽക്കുന്നതായി പരാതിക്കാരിയായ നടി. എത്ര ഉന്നതനായാലും നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളാണ് പരാതിയുമായി മുന്നോട്ടുപോകാനുള്ള ഊർജമായത്. അറസ്റ്റ് തടഞ്ഞ കോടതിയുടെ നീക്കം സാധാരണ നടപടിയുടെ ഭാഗമാണെന്നും പരാതിക്കാരി പറഞ്ഞു. എറണാകുളം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അ‌വർ.

“പരാതിയിൽ ഒരു മാറ്റവുമില്ല, ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്. രഹസ്യമൊഴിയിൽ തെളിവുകൾ നൽകി എല്ലാ വിവരവും ജഡ്ജിയോട് തുറന്നു പറഞ്ഞിട്ടുണ്ട്. ആരെങ്കിലും ഉപദ്രവിച്ചതായി പരാതി നൽകിയാൽ, എത്ര ഉന്നതനായാലും നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളാണ് എനിക്ക് മുന്നോട്ടുപോകാനുള്ള ഊർജമായത്. കേസന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ ഏർപ്പാടാക്കിയ മുഖ്യമന്ത്രിയോട് നന്ദി പറയുക‍യാണ്. അറസ്റ്റ് തടഞ്ഞ കോടതിയുടെ നീക്കം സാധാരണ നടപടിയുടെ ഭാഗമാണ്. സർക്കാറും മുഖ്യമന്ത്രിയും ശക്തമായ നിലപാട് സ്വീകരിക്കുന്നതിനാൽ നീതി ലഭിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ട്” -പരാതിക്കാരി പറഞ്ഞു.

മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു, ലോയേഴ്സ് കോൺഗ്രസ് നേതാവായിരുന്ന അ‌ഡ്വ. ചന്ദ്രശേഖർ എന്നിവരും രണ്ട് പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാരും ഉൾപ്പെടെ ഏഴു പേർക്കെതിരെയാണ് നടി പരാതി നൽകിയത്. പ്രത്യേക അന്വേഷണസംഘത്തിലെ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥരായ അ‌ജിതാ ബീഗം, പൂങ്കുഴലി എന്നിവർ ഇവരുടെ ഫ്ലാറ്റിലെത്തി വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. മുകേഷിനെതിരായ കേസിലെ രഹസ്യമൊഴിയാണ് ഇന്ന് മജിസ്ട്രേറ്റിനു മുന്നിൽ രേഖപ്പെടുത്തിയത്.

Tags:    
News Summary - No Change statement against Mukesh; Actress gave confidential statement in court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.