വെള്ളമുണ്ട/മാനന്തവാടി: സ്ഥലമില്ലാത്തതിനാൽ ആദിവാസി വൃദ്ധെൻറ മൃതദേഹം സംസ്കരിച്ചത് കക്കൂസിന് സമീപം. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ ആറുവാൾ മുടപ്പിലാവിൽ പണിയ കോളനിയിലെ കറപ്പെൻറ (55)മൃതദേഹമാണ് അടുക്കളമുറ്റത്ത് ചുവരിന് സമീപമുള്ള കക്കൂസ് ടാങ്കിെൻറ ഒാരത്തോട് ചേർന്ന് മറവുചെയ്തത്. 20ഒാളം കുടുംബങ്ങളുള്ള കോളനിയിൽ ആദ്യമായാണ് ഒരാളുടെ മൃതദേഹം ഇത്തരത്തിൽ അടക്കം ചെയ്യുന്നത്.
അര്‍ബുദ ബാധിതനായ കറപ്പൻ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. എന്നാൽ, മറവുചെയ്യാന്‍ സ്ഥലമന്വേഷിച്ചെങ്കിലും ലഭിച്ചില്ല. ഒടുവിൽ മണിക്കൂറുകൾ വൈകി വൈകുന്നേരത്തോടെ വീടിനോട് ചേർന്നുള്ള സ്ഥലത്താണ് അടക്കം ചെയ്തത്. നേരത്തേ നിര്‍മിച്ചിരുന്ന വീടിെൻറ കക്കൂസ് ടാങ്കിെൻറ ഭാഗത്താണ് കുഴിയെടുത്തത്. ആവശ്യമായ സൗകര്യമില്ലാതെ നരകിക്കുകയാണ് ഈ കോളനിയിലുള്ളവർ. ആകെയുള്ള 30 സെൻറ് ഭൂമിയില്‍ 20ഒാളം കുടുംബങ്ങളിലായി നൂറിലധികം പേരാണ് താമസിക്കുന്നത്. സൗകര്യപ്രദമായ വീട്, കുടിവെള്ളം, വൈദ്യുതി, പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ എല്ലാം ഇവര്‍ക്കന്യമാണ്. പ്രദേശത്ത് അൽപം ദൂരെയായി പെരുവടി തോട്ടോളി കുറിച്യ കോളനിയോട് ചേർന്ന ശ്മശാനഭൂമിയിലായിരുന്നു മുമ്പ് മൃതദേഹം അടക്കം ചെയ്തിരുന്നത്.
എന്നാൽ, അടുത്ത കാലത്ത് ചിലർ ഈ പുറമ്പോക്ക് ഭൂമി ഏറ്റെടുത്ത് കൃഷി ചെയ്യാൻ തുടങ്ങിയതും മറ്റുചിലർ ഇഷ്ടികക്കളമാക്കിയതും മൃതദേഹം അടക്കം ചെയ്യുന്നതിന് തടസ്സമായി. സ്വന്തമല്ലാത്ത സ്ഥലമായിരുന്നതിനാല്‍ അവകാശവാദമുന്നയിക്കാനും കോളനിനിവാസികള്‍ക്ക് കഴിയുന്നില്ല. ഇതോടെ സ്വന്തമായി ശ്മശാനഭൂമി ഇല്ലാത്ത പണിയവിഭാഗം പ്രതിസന്ധിയിലായി. 10 സെൻറിൽ താഴെ ഭൂമിയാണ് ഈ കോളനിയിലെ പല കുടുംബങ്ങൾക്കുമുള്ളത്.
വീട് വെച്ചതിനു ശേഷം മിച്ചം എന്ന് പറയാൻ മുറ്റം മാത്രമാണ് ഉള്ളത്. ഇപ്പോൾ കുടുംബാംഗങ്ങളുടെ എണ്ണം കൂടിയതോടെ വീട് വെക്കാന്‍ പോലും സ്ഥലമില്ലാതെയായി. കുടുംബത്തിൽ ഒന്നിലധികം മരണങ്ങളുണ്ടായാൽ അടുക്കള പൊളിച്ചോ വീട്ടുമുറ്റത്തോ മൃതദേഹം മറവ് ചെയ്യേണ്ട ഗതികേടിലാണിവർ. പഞ്ചായത്തുകള്‍ക്ക് പൊതു ശ്മശാനം നിര്‍മിക്കാനായി സര്‍ക്കാര്‍ നിര്‍ദേശവും ഫണ്ടും അനുവദിച്ചിരുന്നെങ്കിലും വെള്ളമുണ്ടയുള്പ്പെടെ ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളും ഇത് പ്രയോജനപ്പെടുത്തിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.