രാഹുൽ എവിടെ പോകുന്നു, വരുന്നു എന്നുപോലും ആർക്കുമറിയില്ല, കോൺഗ്രസിനെ വിമർശിച്ച് പി.സി ചാക്കോ

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് നേതൃത്വത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പി.സി ചാക്കോ. ബി.ജെ.പിക്കെതിരെ ദേശീയതലത്തില്‍ രാഷ്ട്രീയമുന്നേറ്റം നടത്താന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്ന് പി.സി ചാക്കോ ദേശാഭിമാനി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. രാഹുൽ ശരിയായ കാഴ്ചപ്പാട് ഇല്ലാത്ത നേതാവാണെന്നും പി.സി ചാക്കോ പറഞ്ഞു.

ബി.ജെ.പിക്കും കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കും എതിരെ വിപുലമായ സഖ്യം ഉയര്‍ന്നുവരണം. ഇക്കാര്യത്തില്‍ ഒന്നും ചെയ്യാതെ കോണ്‍ഗ്രസ് മാറിനില്‍ക്കുന്നു. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക്‌ ആരോഗ്യപ്രശ്‌നമുണ്ട്‌. രാഹുൽ ഗാന്ധി എവിടെ പോകുന്നു, എപ്പോൾ വരുന്നു എന്നൊന്നും ആർക്കുമറിയില്ല. പാർട്ടിയുടെ നിർജീവാവസ്ഥയെ വിമർശിക്കുന്നവരെ ശത്രുക്കളായി കാണുന്നു.മാസത്തിൽ ഒരു തവണയെങ്കിലും പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിക്കേണ്ടതാണ്‌. ഇതിനുപോലും കോൺഗ്രസ്‌ തയ്യാറാകുന്നില്ലെന്നും പി.സി ചാക്കോ വിമർശിച്ചു.

രാഹുൽ ഗാന്ധിക്ക്‌ പലപ്പോഴും ശരിയായ കാഴ്‌ചപ്പാട്‌ നഷ്ടപ്പെടുന്നു. വയനാട്ടിൽ മത്സരിച്ചത്‌ ഇതിന്‌ ഉദാഹരണമാണ്‌. ഞാൻ രാഹുൽ ഗാന്ധിയെ നേരിട്ട്‌ കണ്ട്‌ കേരളത്തിൽ ഇടതുപക്ഷത്തിനെതിരെ മത്സരിക്കരുതെന്ന്‌ ആവശ്യപ്പെട്ടു. അതുകേട്ട്‌ അദ്ദേഹം സ്‌തബ്ധനായി. നിങ്ങൾ കേരളത്തിൽനിന്നുള്ള ആളല്ലേ? എന്തുകൊണ്ടാണ്‌ ഇങ്ങനെ സംസാരിക്കുന്നതെന്ന്‌ എന്നോട്‌ ചോദിച്ചു. എന്റെ ശ്രമം വിജയിച്ചില്ല. രാഹുൽ ഗാന്ധിക്ക്‌ ദക്ഷിണേന്ത്യയിൽ മത്സരിക്കണമെങ്കിൽ കർണാടകത്തിൽ ബി.ജെ.പിക്ക്‌ എതിരെ മത്സരിക്കാമായിരുന്നുവെന്നും പി.സി. ചാക്കോ പറഞ്ഞു. 

Tags:    
News Summary - No one even knows where Rahul is going or coming from, says PC Chacko criticizing the Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.