പെരിന്തൽമണ്ണ: കൊയ്തിട്ടതിന് പിറകേ വേനൽമഴയിൽ കുതിർന്ന നെല്ലിന് ഇൻഷൂറും സപ്ലൈകോയുടെ വിലയും ലഭിക്കാത്ത പ്രതിസന്ധിയിൽ കർഷകർ. ഇത്തരം കർഷകരുടെ നിസഹായാവസ്ഥക്ക് പ്രത്യേക പരിഗണന നൽകണമെന്ന ആവശ്യത്തോടെ ജില്ല കലക്ടർ വഴി സർക്കാറിലേക്ക് നൽകാനിരിക്കുകയാണ് കൃഷി ഉദ്യോഗസ്ഥർ. നെല്ല് കൊയ്തെടുക്കുന്നതുവരെയാണ് ഇൻഷൂർ െക്ലയിം. ചിലയിടത്ത് കൊയ്തിട്ട ശേഷമാണ് മഴയിൽ കുതിർന്നത്. നനഞ്ഞതിനാൽ സപ്ലൈകോക്ക് നൽകാനാവില്ല.
ആശ്വാസ നടപടി ഊർജിതമാക്കാൻ പെരിന്തൽമണ്ണയിൽ തഹസിൽദാറുടെയും ബ്ലോക്ക് കൃഷി ഓഫിസറുടെയും സാന്നിധ്യത്തിൽ കൃഷി ഓഫിസർമാരുടെയും ബാങ്ക് പ്രതിനിധികളുടെയും യോഗം ചേർന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ അധ്യക്ഷത വഹിച്ചു. ഇൻഷൂർ ചെയ്ത വിളക്ക് തുക ലഭിച്ചാലും കർഷകരുടെ നഷ്ടം നികത്താനാവില്ലെന്ന് യോഗത്തിൽ കൃഷി ഓഫിസർമാർ ചൂണ്ടിക്കാണിച്ചു.
പെരിന്തൽമണ്ണ കളത്തിലക്കര കൊല്ലക്കോട്ടാണ് കൊയ്തതും മെതിച്ചതുമായ നെല്ലും വൈക്കോലും മഴ നനഞ്ഞത്. കൊയ്തിട്ട കറ്റകൾ ഉണക്കി മെതിക്കുകയാണ് കർഷകർ. പുലാമന്തോൾ പാലൂർ പാടത്ത് 50 ഏക്കറാണ് നെൽകൃഷി. ഇത് കൊയ്ത്തിനു പാകമായതാണ്. മഴയിൽ വയലിൽ വെള്ളം നിറഞ്ഞതോടെ ഈ ഭാഗത്തും നെല്ല് നശിച്ചു. വയലിൽ പതിഞ്ഞു കിടക്കുന്ന നെല്ല് വെള്ളം മൂടിയും ഈ ഭാഗത്ത് നാശനഷ്ടമുണ്ടായി. കൃഷി നാശം ജില്ല കലക്ടർ വഴി സർക്കാറിലേക്ക് അറിയിക്കാനുള്ള നടപടി വകുപ്പു തലത്തിൽ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.