കണ്ണൂർ: സി.പി.എം നേതൃത്വത്തിൽ കണ്ണൂരിൽ സഹകരണ മേഖലയിൽ പലിശ രഹിത ബാങ്കിങ് തുടങ്ങുന്നു. മുസ്ലിം ന്യൂനപക്ഷങ്ങളെ പാർട്ടിയിലേക്ക് അടുപ്പിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണിത്. സി.പി.എം ആഭിമുഖ്യത്തിലുള്ള ന്യൂനപക്ഷ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിലായിരിക്കും ബാങ്ക് പ്രവർത്തിക്കുക. സമിതിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച കണ്ണൂരിൽ നടന്ന ന്യൂനപക്ഷ സെമിനാറിൽ പലിശ രഹിത ബാങ്ക് സംവിധാനം തുടങ്ങാനുള്ള തീരുമാനം പ്രഖ്യാപിച്ചു.
ധനമന്ത്രി തോമസ് െഎസക് ഉൾപ്പെടെയുള്ളവർക്ക് ഇസ്ലാമിക് ബാങ്കിങ് സംവിധാനത്തോട് അനുകൂല സമീപനമാണുള്ളത്. അതിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് പുതിയ സംരംഭത്തിെൻറ തുടക്കം. പാവപ്പെട്ടവരെ സഹായിക്കാനുള്ള സംവിധാനം എന്ന നിലക്കാണ് പലിശരഹിത ബാങ്കിനെ പാർട്ടി അവതരിപ്പിക്കുക. അതിനുള്ള മൂലധന നിക്ഷേപം മുസ്ലിം വിഭാഗത്തിൽനിന്ന് ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. നിലവിലുള്ള ഇസ്ലാമിക് ബാങ്കുകളുടേതുപോലെ പലിശ പൂർണമായും ഒഴിവാക്കിയായിരിക്കും പുതിയ സംരംഭവും പ്രവർത്തിക്കുക.
സഹകരണ മേഖലയിൽ പലിശ രഹിത ബാങ്കിങ് സംരംഭത്തിന് തുടക്കം കുറിക്കാൻ തത്ത്വത്തിലുള്ള തീരുമാനം മാത്രമാണ് ഇപ്പോഴുള്ളത്. പ്രസ്തുത ആശയം നടപ്പിൽ വരുത്തുന്നതിനുള്ള നിയമപരവും സാേങ്കതികവുമായ വിഷയങ്ങളിൽ വിശദ പഠനം ന്യൂനപക്ഷ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ വൈകാതെ പൂർത്തിയാക്കും. പ്രാഥമിക സാധ്യതാ പഠനത്തിൽ ഇത്തരമൊരു സംരംഭം സാധ്യമാണെന്ന റിപ്പോർട്ടാണ് ലഭിച്ചതെന്ന് സമിതിയുടെ ജില്ല കോ ഒാഡിനേഷൻ കമ്മിറ്റി കൺവീനറും ഡി.വൈ.എഫ്.െഎ ജില്ല പ്രസിഡൻറുമായ എം. ഷാജർ പറഞ്ഞു.
ജില്ലയിലെ 21 മുസ്ലിം ന്യൂനപക്ഷ സംഘങ്ങളുടെ ജില്ലതല കൂട്ടായ്മയാണ് ന്യൂനപക്ഷ സാംസ്കാരിക സമിതി കോ ഒാഡിനേഷൻ കമ്മിറ്റി. കണ്ണൂർ സിറ്റി കേന്ദ്രീകരിച്ചുള്ള ‘മർഹബ’, തളിപ്പറമ്പ് കേന്ദ്രീകരിച്ചുള്ള ‘മർഹമ’, കണ്ണൂരിലെ മുഹമ്മദ് അബ്ദുറഹിമാൻ സാംസ്കാരിക സമിതി എന്നിവക്ക് പുറമെ പാർട്ടിയുടെ 18 ഏരിയകൾക്ക് കീഴിലുള്ള ന്യൂനപക്ഷ സംഘങ്ങളാണ് ജില്ല കോഒാഡിനേഷൻ കമ്മിറ്റിയിലുള്ളത്. കോൺഗ്രസ് വിട്ടുവന്ന ഒ.വി. ജാഫറാണ് കമ്മിറ്റി ചെയർമാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.