കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ആവർത്തിച്ച് കലക്ടർ അരുൺ കെ. വിജയന്റെ മൊഴി. എ.ഡി.എമ്മിന്റെ മരണം അന്വേഷിക്കുന്ന കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത് കൊടേരി മുമ്പാകെയാണ് കലക്ടറുടെ മൊഴി. വകുപ്പുതല അന്വേഷണം നടത്തിയ ലാന്‍ഡ് റവന്യൂ ജോയന്റ് കമീഷണര്‍ എ. ഗീതയോടും ഇക്കാര്യം തന്നെയാണ് കലക്ടർ പറഞ്ഞിരുന്നത്. ഇതോടെ, കലക്ടർ ക്ഷണിച്ചിട്ടാണ് ചടങ്ങിൽ പങ്കെടുത്തതെന്ന പി.പി. ദിവ്യയുടെ ജാമ്യഹരജിയിലെ വാദം കൂടുതൽ ദുർബലമാവുകയാണ്.
റവന്യൂ സ്റ്റാഫ് കൗൺസിലാണ് യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചതെന്നും മുഖ്യാതിഥിയായി സംഘാടകർ തന്നെ ക്ഷണിക്കുകയാണുണ്ടായതെന്നും കലക്ടർ അന്വേഷണ സംഘത്തെ അറിയിച്ചു. യോഗം തുടങ്ങി ഏതാനും മിനിറ്റുകൾക്ക് ശേഷമാണ് ദിവ്യ എത്തിയത്.
യാത്രയയപ്പ് കാര്യം അവരുമായി സംസാരിച്ചതിലും അവർ വന്നതിലും അസ്വാഭാവികമായി ഒന്നും തോന്നുന്നില്ല. ചടങ്ങ് വിഡിയോയിൽ റെക്കോഡ് ചെയ്യുന്നതുകൊണ്ടും പ്രോട്ടോകോൾ തടസ്സവും കാരണമാണ് അവരുടെ പ്രസംഗം തടയാതിരുന്നത്. വിവാദ പെട്രോൾ പമ്പിന് എൻ.ഒ.സി നൽകുന്നതിൽ മുൻ എ.ഡി.എമ്മിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കലക്ടർ മൊഴി നൽകി.
താൻ ക്ഷണിച്ചിട്ടാണ് യോഗത്തിന് എത്തിയതെന്ന് പി.പി. ദിവ്യ പറഞ്ഞത് എന്തുകൊണ്ടാണ് എന്നറിയില്ലെന്ന് കലക്ടർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. യാത്രയയപ്പ് യോഗം നടന്ന ഒക്ടോബർ 14ന് ദിവ്യ ഫോണിൽ തന്നെ വിളിച്ചിരുന്നു. ഫോണിൽ പറഞ്ഞ കാര്യം അന്വേഷണ പരിധിയിൽ വരുന്നതിനാൽ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ല.
എ.ഡി.എമ്മുമായി നല്ല സൗഹൃദമാണ് തനിക്കുള്ളത്. അതെല്ലാം അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്. നവീന്റെ മരണശേഷം ദിവ്യയെ വിളിച്ചിട്ടില്ല. പെട്രോൾ പമ്പിന് എൻ.ഒ.സി നൽകുന്നതിൽ കാലതാമസമുണ്ടായിട്ടില്ല. അവധി നൽകാതെ എ.ഡി.എമ്മിനെ പീഡിപ്പിച്ചെന്ന ആരോപണവും അദ്ദേഹം തള്ളി. തന്റെ മൊഴി പൊലീസ് രാത്രിയെടുത്തതിലും അസ്വാഭാവികതയില്ല.
കലക്ടർ അവധിക്ക് അപേക്ഷിച്ചു, സ്ഥലംമാറ്റത്തിന് ശ്രമിച്ചു എന്നീ പ്രചാരണങ്ങളും അദ്ദേഹം നിഷേധിച്ചു. ഇതെല്ലാം സർക്കാറാണ് തീരുമാനിക്കേണ്ടതെന്നും കലക്ടർ അരുൺ കെ. വിജയൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.