വി.ഡി. സതീശൻ

ഖാർഗെ പ്രസിഡന്റായാൽ അഭിമാനം, വിജയത്തിനായി പ്രവർത്തിക്കും; ശശി തരൂർ മത്സരിക്കുന്നതിൽ തെറ്റില്ലെന്നും വി.ഡി. സതീശൻ

തിരുവനന്തപുരം: കോൺഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തെരഞ്ഞെടുപ്പിൽ ഖാർഗെയെ പിന്തുണക്കുമെന്നും അദ്ദേഹത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

വളരെ പരിചയസമ്പന്നനായ, അനുഭവസമ്പത്തുള്ള കോൺഗ്രസ് നേതാവാണ് ഖാർഗെ. അസംബ്ലിയിലും പാർലമെന്റിന്റെ ഇരുസഭകളിലും അദ്ദേഹം തന്റെ നേതൃപാടവം തെളിയിച്ചിട്ടുള്ളതാണ്. ദലിത് വിഭാഗത്തിൽനിന്നുള്ള ഒരാൾ പ്രസിഡന്റ് ആകുന്ന അഭിമാനകരമായ നിമിഷത്തിന് വേണ്ടിയാണ് തങ്ങൾ കാത്തിരിക്കുന്നതെന്നും സതീശൻ പറഞ്ഞു.

മുതിർന്ന നേതാക്കൾ കൂടിയാലോചിച്ചാണ് ഖാർഗെയുടെ സ്ഥാനാർഥിത്വം തീരുമാനിച്ചത്. അതിനാൽ തന്നെ അദ്ദേഹത്തിന് പൂർണ പിന്തുണ നൽകുന്നു. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്. അതുകൊണ്ട് തന്നെ ശശി തരൂർ മത്സരിക്കുന്നതിൽ തെറ്റില്ല. സി.പി.എമ്മിലോ ബി.ജെ.പിയിലോ ഇത്തരം മത്സരങ്ങൾ നടക്കാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യോഗ്യതയുള്ള ആർക്ക് വേണമെങ്കിലും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാമെന്നാണ് കോൺഗ്രസ് നേതൃത്വം പറഞ്ഞത്. പലയിടങ്ങളിൽനിന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ടെങ്കിലും പാർട്ടിക്കുള്ളിലുള്ള മത്സരമായതിനാൽ ചേരിതിരിവ് ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ ഖാർഗെക്ക് പിന്തുണ പ്രഖ്യാപിച്ച് രമേശ് ചെന്നിത്തലയും കൊടിക്കുന്നിൽ സുരേഷും രംഗത്തെത്തിയിരുന്നു.

Tags:    
News Summary - nothing wrong with Shashi Tharoor contesting -VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.