കൊച്ചി: മതിയായ തുക ഫാസ്ടാഗിൽ ബാക്കിയുണ്ടായിരുന്നിട്ടും കാർ യാത്രികനെയും കുടുംബത്തെയും ടോൾ പ്ലാസയിൽ തടഞ്ഞുവെച്ച് അപമാനിച്ചെന്ന പരാതിയിൽ ദേശീയപാത അതോറിറ്റിയടക്കം എതിർകക്ഷികൾക്ക് എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കമീഷെൻറ നോട്ടീസ്. എതിർകക്ഷികൾ ഒക്ടോബർ 28ന് ഹാജരായി വിശദീകരണം നൽകാനാണ് നിർദേശം.
315.90 രൂപ ബാക്കിയുണ്ടായിരുന്നിട്ടും മതിയായ തുകയില്ലെന്ന കാരണം പറഞ്ഞ് കുമ്പളം ടോൾ പ്ലാസയിൽ പത്തുമിനിറ്റോളം കാർ തടഞ്ഞുവെക്കുകയും ജനമധ്യത്തിൽ അസഭ്യം പറയുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടി എറണാകുളം പൂണിത്തുറ സ്വദേശി ശങ്കർ നിവാസിൽ അഡ്വ. എസ്. റസൽ നൽകിയ പരാതി ഫയലിൽ സ്വീകരിച്ചാണ് ഡി.ബി. ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ജില്ല ഉപഭോക്‌തൃ കോടതിയുടെ ഉത്തരവ്.
പണം മുൻകൂറായി നൽകിയ രേഖകൾ കാണിക്കുകയും അന്നുരാവിലെ മൊബൈൽ ഫോണിൽ വന്ന സന്ദേശം കാണിക്കുകയും ചെയ്തിട്ടും വാഹനം കടത്തിവിട്ടില്ലെന്ന് പരാതിയിൽ പറയുന്നു. ഇരട്ടി തുക നിയമവിരുദ്ധമായി ഈടാക്കിയശേഷം മാത്രമാണ് കാർ കടത്തിവിട്ടത്.
അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. എതിർകക്ഷികളിൽനിന്ന് ഒരുലക്ഷം രൂപ നഷ്ട പരിഹാരം ഈടാക്കി നൽകണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.