ആലുവ: നഗരത്തിലെ ആ രക്തകറക്ക് രണ്ട് പതിറ്റാണ്ട്. കേരളത്തെ നടുക്കിയ ആലുവ കൂട്ടക്കൊല നടന്നിട്ട് ബുധനാഴ്ച 20 വർഷം തികഞ്ഞു. പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും നഗരഹൃദയത്തിൽ നടന്ന കൂട്ടക്കൊലയുടെ ഞെട്ടിക്കുന്ന ഓർമകൾ ഇപ്പോഴും നഗരവാസികളുടെ ഹൃദയങ്ങളിലുണ്ട്. 2001 ജനുവരി ആറിനാണ് കൂട്ടക്കൊല അരങ്ങേറിയത്. നഗരമധ്യത്തിലെ മാഞ്ഞൂരാൻ വീട്ടിലെ കുടുംബാംഗങ്ങളെല്ലാം കൊല്ലപ്പെടുകയായിരുന്നു. വയോധികയും രണ്ട് കുട്ടികളും ഉൾപ്പെടെ എല്ലാവരും അതിദാരുണമായി കൊല്ലപ്പെടുകയായിരുന്നു.
എസ്.പി ഓഫിസ് അടക്കം നിരവധി പൊലീസ് ഓഫിസുകളും മറ്റ് ഓഫിസുകളും പ്രവർത്തിക്കുന്ന തിരക്കേറിയ സബ് ജയിൽ റോഡിലാണ് ആറുപേരെ ആരുമറിയാതെ വകവരുത്തിയത്. നിരവധി പൊലീസ് വാഹനങ്ങൾ രാപകൽ ഈ റോഡിലൂടെ ചുറ്റിക്കറങ്ങുന്നതാണ്. എന്നിട്ടും ആരും അറിഞ്ഞില്ലെന്നത് ഇന്നും അത്ഭുതപ്പെടുത്തുന്നത്. ആലുവ റെയിൽവേ സ്റ്റേഷൻ റോഡിൽ മാഞ്ഞൂരാൻ ഹാർഡ് വെയേഴ്സ് നടത്തിയിരുന്ന മാഞ്ഞൂരാൻ അഗസ്റ്റിെൻറ (47) വീട്ടിലായിരുന്നു കൊലപാതകം നടന്നത്. അഗസ്‌റ്റിന് പുറമെ ഭാര്യ ബേബി (42), മക്കളായ ജെമോൻ (14), ദിവ്യ (12), അഗസ്റ്റിെൻറ അമ്മ ക്ലാര (74), സഹോദരി കൊച്ചുറാണി (42) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഏറെ അന്വേഷണങ്ങൾക്കൊടുവിൽ അഗസ്റ്റിെൻറ ബന്ധുവും ഇവരുടെ വീട്ടിലെ സ്‌ഥിരം സന്ദർശകനുമായിരുന്ന ആൻറണിയാണ് കൊലനടത്തിയതെന്ന നിഗമനത്തിലാണ് ലോക്കൽ പൊലീസ് എത്തിയത്. തുടർന്ന് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ചും ഇത് ശരിെവക്കുകയായിരുന്നു. നഗരസഭയിൽ താൽക്കാലിക ഡ്രൈവറായിരുന്നു പ്രതിയായ ആൻറണി. ആലുവ സിറിയൻ ചർച്ച് റോഡ് വത്തിക്കാൻ സ്ട്രീറ്റിലായിരുന്നു ഇയാൾ കുടുംബത്തോടോപ്പം താമസിച്ചിരുന്നത്. ഇതിനിടയിൽ വിദേശത്ത് ജോലിക്ക് പോകാൻ അവസരം ലഭിച്ചിരുന്നു. ഇതിനുള്ള ചെലവിനായി കൊച്ചുറാണി പണം വാഗ്ദാനം ചെയ്തിരുന്നെങ്കിലും നൽകിയില്ലത്രേ. ഇതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് കൂട്ടക്കൊലക്ക് കാരണമെന്നാണ് അന്വേഷണ ഉദ്യോഗസ്‌ഥർ പറഞ്ഞിട്ടുള്ളത്.
കൊല്ലപ്പെട്ട ബേബിയുടെ ബന്ധുക്കളാണ് ക്രൈംബ്രാഞ്ച് അന്വേഷണങ്ങളിൽ അതൃപ്‌തി പ്രകടിപ്പിച്ച് രംഗത്തുവന്നത്. കൂടുതൽ പ്രതികളുണ്ടെന്നായിരുന്നു ഇവരുടെ ആരോപണം. തുടർന്നാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്. എന്നാൽ, അവരും ഒടുവിൽ ആ
ൻറണിയിൽ തന്നെ എത്തിച്ചേരുകയായിരുന്നു. 2006 സെപ്‌റ്റംബർ 18ന് ഹൈക്കോടതി ശരിെവച്ചെങ്കിലും നവംബർ 13ന് സുപ്രീം കോടതി വിധി സ്റ്റേ ചെയ്തു. എന്നാൽ, 2009ൽ വധശിക്ഷ വീണ്ടും അംഗീകരിച്ചു. തുടർന്ന് നൽകിയ പുനഃപരിശോധന ഹരജിയും തള്ളപ്പെട്ടു. രാഷ്ട്രപതിക്ക് ദയാ ഹരജി നൽകിയിട്ടും ഫലമുണ്ടായില്ല. തുടർന്ന് ആൻറണിയെ തൂക്കിക്കൊല്ലാനുള്ള നടപടികൾക്ക് പൂജപ്പുര ജയിലിൽ തുടക്കമിട്ടിരുന്നു.
കഴുമരത്തിലെത്തിയ ആൻറണിക്ക് തിരികെ ജീവിതത്തിലേക്ക് വഴിയൊരുങ്ങിയ ദിവസമാണ് 2018 ഡിസംബർ 11. 2014 ൽ ജസ്‌റ്റിസ് ആർ.എം. ലോധയുടെ സുപ്രധാന ഉത്തരവാണ് ആൻറണിയുടെ വിധി മാറ്റിമറിച്ചത്.
വധശിക്ഷക്ക് എതിരായ പുനഃപരിശോധന ഹരജികൾ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നായിരുന്നു സുപ്രീം കോടതി ചീഫ് ജസ്‌റ്റിസായിരുന്ന ആർ.എം. ലോധയുടെ ഉത്തരവ്. തുടർന്നാണ് 2018 ൽ ആൻറണിയുടെ വധശിക്ഷ ജീവപര്യന്തമായി കോടതി കുറച്ചത്. വധശിക്ഷ വിധിച്ചതിനെ തുടർന്ന് 13 വർഷം ഏകാന്ത തടവിലായിരുന്നു ആൻറണി കഴിഞ്ഞിരുന്നത്.
17 വർഷം ശിക്ഷ അനുഭവിച്ചതിെൻറ ആനുകൂല്യത്തിൽ ജയിൽ മോചിതനാകാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ആൻറണി പുറത്തിറങ്ങുന്നത് അപകടമാണെന്ന് റൂറൽ ജില്ല പൊലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
കൂട്ടക്കൊല നടന്ന മാഞ്ഞൂരാൻ വീട് ഇന്ന് നിലവിലില്ല. പത്ത് വർഷം മുമ്പ് ഇത് പൊളിച്ചുനീക്കിയിരുന്നു. വീട് നിന്ന ഭൂമി കാടുകയറി കിടക്കുകയാണ്. കൊല്ലപ്പെടുന്ന സമയത്ത് അഗസ്‌റ്റിന് സ്വകാര്യ ബാങ്കിൽ ലക്ഷങ്ങളുടെ നിക്ഷേപമാണുണ്ടായിരുന്നത്. ഇന്നത് കോടികളായി മാറിയിട്ടുണ്ട്.
അന്വേഷണത്തിനിടയിൽ വീട്ടിൽനിന്നും ബാങ്ക് ലോക്കറിൽനിന്നും പൊലീസ് സ്വർണാഭരണങ്ങൾ കണ്ടെടുത്തിരുന്നു. കേസ് തീർന്നിട്ടും അവകാശികൾ ഇത് തിരികെ വാങ്ങാത്തതിനാൽ കോടതിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.