കൊച്ചി: പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ കുറുവ സംഘാംഗം എന്ന് കരുതുന്ന പ്രതി പിടിയിൽ. എറണാകുളം കുണ്ടന്നൂർ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി കസ്റ്റഡിയിൽ നിന്ന് കൈവിലങ്ങോടെ ഇയാൾ രക്ഷപ്പെടുകയായിരുന്നു. തമിഴ്നാട് സ്വദേശി സന്തോഷാണ് ചാടിപ്പോയത്. കുണ്ടന്നൂർ പാലത്തിന് താഴെ നിന്നാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. നാല് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് പ്രതിയെ പൊലീസിന് കണ്ടെത്താനായത്. ഈ പ്രദേശങ്ങളിലെ ചതുപ്പിൽ പ്രതി ഒളിച്ചിരിക്കുകയായിരുന്നു. സന്തോഷിന്റെ ഭാര്യ ജ്യോതി, അമ്മ പൊന്നമ്മ എന്നിവരെയും മരട് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
മണ്ണിൽ കുഴി കുത്തി ഷീറ്റ് കൊണ്ട് മൂടിയാണ് ഇയാൾ ഒളിച്ചിരുന്നതെന്നും ഇയാളുടെ കൈവശം ആയുധങ്ങൾ ഉണ്ടായിരുന്നുവെന്നും ഡി.വൈ.എസ്.പി പറഞ്ഞു. പ്രതിയെ ആലപ്പുഴയിലേക്ക് തെളിവെടുപ്പിനായി കൊണ്ടുപോയി. രണ്ടു പേരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സന്തോഷ് ശെൽവമാണ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയത്. നിലവിൽ മണികണ്ഠൻ മണ്ണഞ്ചേരി എന്നയാൾ പൊലീസ് കസ്റ്റഡിയിലാണ്.
ആലപ്പുഴയിലും എറണാകുളത്തും ഭീതി വിതയ്ക്കുന്ന കുറുവ സംഘത്തെ പിടികൂടാൻ പൊലീസ് രാത്രി പരിശോധന കർശനമാക്കിയിരുന്നു. ആലുവ റൂറൽ എസ്.പിയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയും പറവൂരിൽ പരിശോധന നടന്നു.
ആലപ്പുഴയിൽ കഴിഞ്ഞ മാസം 28ന് മണ്ണഞ്ചേരിയിൽ മോഷണ ശ്രമം നടത്തിയ സംഘം പിന്നീട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കവർച്ച നടത്തുകയും കഴിഞ്ഞ ദിവസം ഒരാളെ ആക്രമിക്കുകയും ചെയ്തിരുന്നു. ആലപ്പുഴ ഡി.വൈ.എസ്.പി മധു ബാബുവിന്റെ നേതൃത്വത്തിൽ ഏഴംഗ സംഘം ഊർജിതമായ അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ കവർച്ചകൾക്ക് പിന്നിൽ കുറുവ സംഘമാണോ എന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.