തിരുവനന്തപുരം: നിയമസഭയിൽ പൗരത്വഭേദഗതിനിയമത്തിനെതിരായ പ്രമേയത്തിൽ എതിർത്ത് കൈപൊക്കാതിരുന്നതും വോട്ടെടുപ്പ് തേടാതിരുന്നതും മനഃപൂർവമാണെന്ന വിശദീകരണവുമായി ബി.ജെ.പി എം.എൽ.എ ഒ. രാജഗോപാൽ. കഴിഞ്ഞദിവസം കേരള നിയമസഭ പ്രമേയം പാസാക്കിയപ്പോൾ രാജഗോപാൽ കൈക്കൊണ്ട നടപടിയെച്ചൊല്ലി വിവാദമുയർന്ന സാഹചര്യത്തിലാണ് അബദ്ധം പറ്റിയതല്ലെന്നും താൻ മനഃപൂർവമാണ് അഭിപ്രായം രേഖപ്പെടുത്താത്തതെന്നും രാജേഗാപാൽ മാധ്യമങ്ങളോട് വിശദീകരിച്ചത്.
പ്രമേയം അവതരിപ്പിച്ച സന്ദർഭത്തിൽ മനഃപൂർവമാണ് വോട്ടെടുപ്പ് ചോദിക്കാതിരുന്നത്. ഇരുമുന്നണികളിെലയും 139 പേരും അനുകൂലിക്കുമ്പോൾ ഒരാളുടെ എതിർപ്പിന് പ്രസക്തിയില്ലെന്ന് തോന്നി. ‘എന്തിനാണ് ഇതിൽ വോട്ടെടുപ്പ് ചോദിക്കുന്നത്? അത് വെറും സമയം പാഴാക്കലല്ലേ? രണ്ട് മുന്നണികളും ഒരുമിച്ചുനിന്ന് പ്രമേയത്തെ പിന്തുണക്കുകയാണ്. അതിൽ മറുവശത്ത് ഞാനൊരാൾ മാത്രമാണുള്ളത്. ഇതിൽ വോട്ടെടുപ്പ് ചോദിച്ച് ഞാൻ വെറുതെ പരിഹാസ്യനാകേണ്ട കാര്യമില്ലല്ലോ. ഈ നാടകത്തിെൻറ അർഥമെന്താണ്? അതിനാൽ മനഃപൂർവമാണ് വോട്ടെടുപ്പ് ചോദിക്കാതിരുന്നത്. അബദ്ധത്തിലല്ല’-രാജഗോപാൽ വിശദീകരിച്ചു.
ആഗ്ലോ ഇന്ത്യൻ പ്രതിനിധികൾക്ക് ആനുകൂല്യം ഇല്ലാതാക്കിയ വിഷയത്തിലെ പ്രമേയത്തെ എതിർക്കാതിരുന്നതിനും അദ്ദേഹത്തിന് വിശദീകരണമുണ്ട്. ‘ആംഗ്ലോ ഇന്ത്യൻ സമൂഹത്തിനുള്ള ആനുകൂല്യമല്ലേ അത്. അത് ഒഴിവാക്കുന്നത് കഷ്ടമല്ലേ, എന്ന് കരുതി ഞാൻ മിണ്ടാതിരുന്നെന്ന് മാത്രം’-അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ നടപടിയെയും രാജഗോപാൽ വിമർശിച്ചു. നിയമസഭയിൽ മുഖ്യമന്ത്രിക്ക് അഭിപ്രായം പറയാൻ അവകാശമുണ്ട്. പക്ഷേ, നിയമം ലംഘിക്കാൻ ആർക്കും അവകാശമില്ല. പാർലമെൻറിെൻറ ഇരുസഭകളും പാസാക്കിയ നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ കേരള സർക്കാറിന് അവകാശമില്ലെന്നും രാജഗോപാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.