പാലക്കാട്: എലപ്പുള്ളിയിൽ മദ്യനിര്‍മാണ കമ്പനി തുടങ്ങുന്ന ‘ഒയാസിസി’നെതിരെ മിച്ചഭൂമി കേസ്. ചട്ടപ്രകാരമുള്ള 15 ഏക്കറിനു പകരം കമ്പനിയുടെ കൈവശമുള്ളത് 23.92 ഏക്കര്‍ ഭൂമിയാണ്. അനുവദനീയമായ പരിധിയിൽ കൂടുതൽ ഭൂമി ചട്ടവിരുദ്ധമായി കൈവശംവെച്ചതിനാല് കേസെടുക്കാമെന്ന് റവന്യൂ വകുപ്പ് വ്യക്തമാക്കി. അന്വേഷിക്കാന്‍ റവന്യൂ മന്ത്രി താലൂക്ക് ലാന്‍ഡ് ബോര്‍ഡിന് നിര്‍ദേശവും നല്കി. കമ്പനിയുടെ കൈവശമുള്ള 9.685 ഹെക്ടര്‍ ഭൂമിയില്‍ 17.9 ഏക്കര്‍ കരഭൂമിയും 5.9 ഏക്കര്‍ നിലവുമാണ്. ഇതില്‍ നാല് ഏക്കര്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരമുള്ള ഡേറ്റാ ബാങ്കില്‍നിന്ന് ഒഴിവാക്കണമെന്ന് കാണിച്ച് കമ്പനിയെ പ്രതിനിധാനംചെയ്ത് ഒറ്റപ്പാലം സ്വദേശി ഗോപീകൃഷ്ണന് പാലക്കാട് ആർ.ഡി.ഒക്ക് അപേക്ഷ നൽകിയിരുന്നു.പരിശോധനകള്‍ക്കുശേഷം ഇതു നിരസിച്ച് ആർ.ഡി.ഒ ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഒയാസിസ് കമ്പനിക്ക് ഒമ്പത് ആധാരങ്ങള്‍ പ്രകാരം 23.92 ഏക്കര്‍ ഭൂമി രജിസ്റ്റര്‍ ചെയ്തുനല്കിയിട്ടുണ്ടെന്ന് രജിസ്ട്രേഷന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അറിയിച്ചിരുന്നു. ചിറ്റൂര്‍ താലൂക്കിലെ എലപ്പുള്ളി പഞ്ചായത്തില്‍ ഒയാസിസ് കമ്പനിക്കായി 24.59 ഏക്കര്‍ ഭൂമി നിയമവിരുദ്ധമായി രജിസ്ട്രേഷന് വകുപ്പ് ഭൂമി രജിസ്ട്രേഷന് ചെയ്തുനല്‍കിയെന്നും റവന്യൂ വകുപ്പ് പോക്കുവരവ് ചെയ്ത് കരമടച്ചുനല്കിയെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
മദ്യനിര്‍മാണക്കമ്പനിയുടെ കൈവശമുള്ള അധികഭൂമി സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് വി.കെ. ശ്രീകണ്ഠൻ എം.പി നേരത്തേ റവന്യൂ മന്ത്രി കെ. രാജന് കത്ത് നല്‍കിയിരുന്നു. അനുവദനീയ പരിധിയിൽ കൂടുതൽ ഭൂമി കമ്പനിയുടെ പേരിൽ രജിസ്റ്റർ ചെയ്യുകയും പോക്കുവരവ് നടത്തുകയും ചെയ്തത് അഴിമതിയാണ്. രജിസ്ട്രേഷൻ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണം. അധികമുള്ള ഭൂമി എത്രയും വേഗം സർക്കാർ ഏറ്റെടുക്കണമെന്നുമായിരുന്നു കത്തിലെ ആവശ്യം. ചീഫ് സെക്രട്ടറിക്കും പരാതി നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.