കെ.എസ്​.ആർ.ടി.സി സൂപ്പർ ക്ലാസ്​ ബസുകളുടെ പഴക്കം ഒമ്പതു വർഷമാക്കി ഉയർത്തി

കോട്ടയം: കെ.എസ്​.ആർ.ടി.സിയുടെ സൂപ്പർക്ലാസ്​ സർവിസുകളുടെ പഴക്കം ഏഴിൽനിന്ന്​ ഒമ്പതുവർഷമായി ഉയർത്തി. ഇതോടെ ഏഴിനും ഒമ്പതിനും ഇടയിൽ വർഷം പഴക്കമുള്ള 704 ബസുകൾ ഫാസ്​റ്റ്​ പാസഞ്ചർ, സൂപ്പർ ഫാസ്​റ്റ്​, സൂപ്പർ എക്​സ്​പ്രസ്​, സൂപ്പർ ഡീലക്​സ്​ സർവിസുകളായി നിരത്തിലിറങ്ങും. 1999ലാണ്​ മോ​ട്ടോർ വാഹന ചട്ടം ഭേദഗതി ചെയ്​ത്​ സൂപ്പർ ക്ലാസ്​ സർവിസുകൾ തുടങ്ങിയത്​.

ഫാസ്​റ്റിന്​ മൂന്നുവർഷവും സൂപ്പർഫാസ്​റ്റിന്​ മുക​ളിലേക്കുള്ള സർവിസുകൾക്ക്​ രണ്ടുവർഷവും പഴക്കമുള്ള ബസുകളേ ഉപയോഗിക്കാവൂ എന്നായിരുന്നു നിയമം. ഇവയിലൊന്നും നിന്ന്​ യാത്ര അനുവദിച്ചിരുന്നില്ല. പുതിയ വണ്ടികൾ ഉപയോഗിക്കുന്നതിനാലും യാത്രികർക്ക്​ അധിക സൗകര്യം കിട്ടുന്നതിനാലും ഉയർന്ന യാത്രക്കൂലി ഇൗടാക്കാനും അനുമതി നൽകി. 2010ൽ നടപ്പാക്കിയ ഭേദഗതിയിലൂടെ അഞ്ചുവർഷം പഴക്കമുള്ളവ ഫാസ്​റ്റായും മൂന്നു വർഷംവരെയുള്ളവ സൂപ്പർ ഫാസ്​റ്റായും ഓടിക്കാമെന്നായി.

ഡീലക്​സ്​ ബസുകൾക്ക്​ അപ്പോഴും രണ്ടുവർഷം പരിധി നിലനിന്നു. 2018ൽ വരുത്തിയ ഭേദഗതിയിൽ എല്ലാ സൂപ്പർക്ലാസുകളുടെയും പഴക്കം ഏഴുവർഷമാക്കി. ഇതാണ്​ ഗതാഗത സെക്രട്ടറിയുടെ ഉത്തരവി​ൽ ഒമ്പതാക്കിയത്​. പ്രീമിയം എ.സി ബസുകൾക്കടക്കം ഇത്​ ബാധകമാണ്​​. കോവിഡ്​ മൂലം രണ്ടുവർഷമായി ബസുകൾ ഓടിക്കാനായിട്ടില്ലെന്ന്​ കാണിച്ച്​ കെ.എസ്​.ആർ.ടി.സി നൽകിയ അപേക്ഷയിലാണ്​ കാലാവധി ദീർഘിപ്പിക്കുന്നതെന്ന്​ ഉത്തരവിൽ പറയുന്നു​. സ്​കൂൾ തുറക്കൽ, ശബരിമല സീസൺ കണക്കിലെടുക്കണമെന്നും പുതിയ ബസുകൾ നിരത്തിലിറക്കാൻ സാമ്പത്തിക പ്രതിസന്ധി തടസ്സമാണെന്നും അപേക്ഷയിലുണ്ട്​. ചെയർമാനും മാനേജിങ്​ ഡയറക്​ടറുമായ ബിജുപ്രഭാകർ ഒക്​ടോബർ 22ന്​ നൽകിയ അപേക്ഷ ഗതാഗത സെക്രട്ടറിയായ ബിജുപ്രഭാക​ർ ഒക്​ടോബർ 29ന്​​ അംഗീകരിക്കുകയായിരുന്നു​. 

Tags:    
News Summary - Of KSRTC super class buses The age was raised to nine years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.