ഇന്ധന വിതരണ അളവ് കുറച്ച് വിലവർധനക്ക് വഴിയൊരുക്കി എണ്ണക്കമ്പനികൾ

കൊച്ചി: പമ്പുകൾക്കുള്ള ഇന്ധനത്തിന്‍റെ അളവ് കുറച്ച് വില വർധനക്ക് വഴിയൊരുക്കി എണ്ണക്കമ്പനികൾ. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വില വർധിച്ച സാഹചര്യത്തിലും ജനരോഷം ഭയന്ന് എണ്ണ വില വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ ഇപ്പോൾ സമ്മതിക്കാത്തതിനാലാണ് പെട്രോൾ പമ്പുകൾക്ക് കൂടുതൽ സ്റ്റോക്ക് നൽകാൻ എണ്ണക്കമ്പനികൾ മടിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വിതരണം താളംതെറ്റുകയാണ്.

പല പമ്പുകളും നേരത്തേ അടക്കുകയോ ചില ദിവസങ്ങളിൽ പ്രവർത്തിക്കുകപോലുമോ ചെയ്യാത്ത സ്ഥിതിയിലാണ്. മുൻകൂർ പണം നൽകിയാൽപോലും ആവശ്യത്തിന് ഇന്ധനം പമ്പുകൾക്ക് നൽകാൻ പൊതുമേഖല എണ്ണക്കമ്പനികൾ മടിക്കുന്നു. നാലുമാസമായി പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുകയാണ്. ഇക്കാലയളവിൽ അസംസ്കൃത എണ്ണ വില പലതവണ കൂടി. കഴിഞ്ഞ മൂന്നുമാസത്തിനിടെ കഴിഞ്ഞ ആഴ്ചയാണ് രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണക്ക് അൽപം വില കുറഞ്ഞത്.

നിലവിൽ ലിറ്ററിന് 18 മുതൽ 25 രൂപവരെ നഷ്ടത്തിനാണ് ഇന്ധനം വിൽക്കുന്നതെന്നാണ് കമ്പനികളുടെ അവകാശവാദം. എന്നാൽ, അസംസ്കൃത എണ്ണ വില കുത്തനെ ഇടിഞ്ഞപ്പോൾ സംഭരിച്ചതാണ് ഇപ്പോൾ സംസ്കരിച്ച് വിതരണം ചെയ്യുന്ന എണ്ണയെന്നാണ് പെട്രോൾ ഡീലേഴ്സ് അസോസിയേഷൻ അധികൃതർ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടുതന്നെ നഷ്ടമാണെന്ന വാദത്തിൽ കഴമ്പില്ലെന്നും അവർ പറയുന്നു.

അസംസ്കൃത എണ്ണ വില കുറഞ്ഞപ്പോൾ ഇരട്ടിയിലേറെ വിലയ്ക്കാണ് പെട്രോൾ വിൽപന നടത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സർക്കാർ വില വർധനക്ക് അനുമതി നൽകാത്തതെന്നും പറയുന്നു. ഈ സാഹചര്യത്തിലാണ് കൂടുതൽ എണ്ണ പമ്പുകൾക്ക് നൽകാൻ കമ്പനികൾ തയാറാകാത്തത്.

നേരത്തേ കടമായി ഇന്ധനം നൽകാൻ കമ്പനികൾ തയാറായിരുന്നു. ഇപ്പോൾ അതും നിർത്തി, മുൻകൂർ പണം നൽകിയാൽ മാത്രമേ ഇന്ധനം വിതരണം ചെയ്യൂ എന്ന സ്ഥിതിയാണ്. ഓരോ പമ്പിലും എത്ര സ്റ്റോക്കുണ്ടെന്ന് കമ്പനികൾക്ക് സോഫ്റ്റ്വെയറിൽ അറിയാൻ കഴിയും. ഇത് വിലയിരുത്തി വളരെ കുറഞ്ഞ അളവിൽ മാത്രമാണ് ഇന്ധനം നൽകുന്നത്.

കച്ചവടം കുറയുന്നതാണ് നല്ലതെന്ന നിലപാടാണ് കമ്പനികൾക്ക്. സംസ്ഥാനത്ത് 4200 പമ്പാണ് ഉള്ളത്. ഇതിൽ 50 ശതമാനത്തിലധികവും ഇന്ത്യൻ ഓയിൽ കമ്പനിയുടേതാണ്.

ഏകദേശം 25 ശതമാനം ബി.പി.സി.എല്ലും 21 ശതമാനം എച്ച്.പി.സി.എല്ലിനുമാണ്. റിലയൻസ് അടക്കം സ്വകാര്യ കമ്പനികളുടേതാണ് ബാക്കിയുള്ളവ.

അസംസ്കൃത എണ്ണ വില വർധനക്ക് ആനുപാതികമായി വില വർധിപ്പിക്കാത്തതിനാൽ കഴിഞ്ഞ പാദത്തിൽ 18,800 കോടി രൂപയിലേറെ നഷ്ടമുണ്ടായെന്ന് പറഞ്ഞാണ് ഇപ്പോൾ എണ്ണക്കമ്പനികൾ വില വർധനക്ക് മുറിവിളികൂട്ടുന്നത്.

Tags:    
News Summary - Oil companies have reduced fuel supply and led to price hikes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.