കൊച്ചി: സ്വകാര്യ ചില്ലറ വിൽപനക്കാരിൽനിന്ന് ഈടാക്കുന്ന തുകക്കുതന്നെ കെ.എസ്.ആർ.ടി.സിക്കും ഹൈസ്പീഡ് ഡീസൽ നൽകണമെന്ന സിംഗിൾബെഞ്ചിന്റെ ഉത്തരവിനെതിരെ എണ്ണക്കമ്പനികളുടെ അപ്പീൽ ഹരജി. വൻകിട ഡീസൽ ഉപഭോക്താവാണെന്ന് വിലയിരുത്തി ഡീസലിന് കൂടിയ നിരക്ക് ഈടാക്കുന്നതിനെതിരെ കെ.എസ്.ആർ.ടി.സി നൽകിയ ഹരജിയിൽ സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരെ ഇന്ത്യൻ ഓയിൽ കോർപറേഷൻ, ബി.പി.സി.എൽ എന്നിവ വെവ്വേറെയാണ് ഹരജി നൽകിയത്. ചൊവ്വാഴ്ച ഇവ ഡിവിഷൻബെഞ്ച് പരിഗണിച്ചേക്കും.
ഡീസലിന് പൊതുമേഖല സ്ഥാപനത്തിൽനിന്ന് കൂടിയ വില ഈടാക്കുന്നത് അംഗീകരിക്കാനാവില്ലെന്നതടക്കം വാദങ്ങൾ പരിഗണിച്ചായിരുന്നു സിംഗിൾബെഞ്ച് ഉത്തരവ്. ന്യായവിലയ്ക്ക് ഡീസൽ നൽകാൻ എണ്ണക്കമ്പനികൾക്ക് ബാധ്യതയുണ്ടെന്നും ഏതു കരാറിന്റെ പേരിലായാലും ഉയർന്ന വില ഈടാക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമായിരുന്നു നിരീക്ഷണം. എന്നാൽ, കെ.എസ്.ആർ.ടി.സിയുടെ ഹരജി നിയമപരമായി നിലനിൽക്കില്ലെന്ന് അപ്പീലിൽ പറയുന്നു.
ഇതേയാവശ്യം ഉന്നയിച്ച് നേരത്തേ നൽകിയ ഹരജി നയപരമായ തീരുമാനങ്ങളിൽ കോടതിക്ക് ഇടപെടാൻ കഴിയില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി തള്ളിയതാണ്. ആർബിട്രേഷനിലൂടെ പരിഹരിക്കേണ്ട വിഷയമാണിത്. വൻതുക കുടിശ്ശിക കെ.എസ്.ആർ.ടി.സി നൽകാനുണ്ടെന്നും അപ്പീലിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.