തിരുവനന്തപുരം: ഒാഖി ദുരത്തിൽപെട്ട് കടലിൽ കാണാതായവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ലത്തീൻ അതിരൂപത ഹൈകോടതിയിലേക്ക്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹേബിയസ് കോർപസ് ഹരജി ഫയൽ ചെയ്യാനാണ് തീരുമാനം. ചുഴലിക്കാറ്റ് ദുരന്തം വിതച്ച് 16 ദിവസം കഴിയുമ്പോഴും സംസ്ഥാനത്തിെൻറ വിവിധ തീരങ്ങളിൽനിന്ന് മുന്നൂറിലേറെപേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് അതിരൂപത ചൂണ്ടിക്കാട്ടുന്നത്. തിരുവനന്തപുരത്ത് നിന്നുമാത്രം 242 പേർ ഇനിയും തിരിച്ചെത്താനുണ്ട്. ഇതുകൂടാതെ ഒാഖിക്ക് മുമ്പ് വലിയ ബോട്ടുകളിൽ കൊച്ചിയിൽനിന്നും മറ്റ് സ്ഥലങ്ങളിൽനിന്നും മത്സ്യബന്ധനത്തിന് പോയ ഇതരസംസ്ഥാന തൊഴിലാളികളുണ്ടെന്നും വിവരം കിട്ടിയിട്ടുണ്ട്.
ആന്ധ്ര, ബംഗാൾ എന്നിവിടങ്ങളിൽനിന്ന് കേരളത്തിൽ ജോലിക്കായി എത്തിയവരെക്കുറിച്ച് ആരും അന്വേഷിച്ചിട്ടില്ല. കേസ് ഹൈകോടതി പരിഗണിച്ചാല്‍ കാണാതായവരെക്കുറിച്ച് സഭ നൽകുന്ന പട്ടികയിലുള്ളവരുടെ വ്യക്തമായ വിവരം സര്‍ക്കാറിന് കോടതിയെ അറിയിക്കേണ്ടിവരും. അതേസമയം വെള്ളിയാഴ്ച മൃതദേഹങ്ങളൊന്നും തിരച്ചിൽ സംഘത്തിന് ലഭിച്ചില്ല. കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളിൽ വടക്കൻ ജില്ലകളിൽനിന്ന് കൂട്ടത്തോടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഒാഖി ദുരന്തത്തിൽ ആകെ 70 പേരാണ് മരിച്ചത്. അതിൽ 42 മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനുണ്ട്. ഡി.എൻ.എ പരിശോധനകൾ പുരോഗമിക്കുകയാണ്.
ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം ഉൾപ്പെടെയുള്ളവർ ബുധനാഴ്ച വീണ്ടും മുഖ്യമന്ത്രിയെ കണ്ട് കാണാതായവരുടെ കണക്കുകൾ കൈമാറി. ഇതിന്മേൽ ഒരു നടപടിയും സർക്കാർ സ്വീകരിച്ചില്ലെന്ന് അതിരൂപത കുറ്റപ്പെടുത്തി. ദുരിതബാധിതരെക്കുറിച്ച വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കണക്കുകളിൽ അന്തരം വന്നതിനെത്തുടർന്നാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ ലത്തീൻ അതിരൂപത രംഗത്തുവന്നത്. 177 പേരെ കണ്ടെത്താനുണ്ടെന്ന് കാട്ടി പൊലീസ് എഫ്.ഐ.ആര് തയാറാക്കിയപ്പോള്‍ 84 പേരെ മാത്രമാണ് കാണാതായതെന്നാണ് റവന്യൂ വകുപ്പ് പറയുന്നത്. മരിച്ചവരുടെ എണ്ണത്തിലും ആശയക്കുഴപ്പം തുടരുന്നു. 68 എന്നാണ് റവന്യൂ വകുപ്പ് കണക്ക്. എന്നാൽ, തുടക്കം മുതലുള്ള കണക്കുകൾ കൂട്ടുേമ്പാൾ മരണസംഖ്യ 70 ആവുന്നുണ്ട്.
വിവിധ സ്റ്റേഷനുകളില്‍നിന്ന് മരിച്ചവരുടെയും കാണാതായവരുടെയും വിവരം ശേഖരിച്ചാണ് പൊലീസ് പുതിയ കണക്ക് തയാറാക്കിയത്. ഇതുപ്രകാരം 177 മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയിട്ടില്ല. വലിയ ബോട്ടില്‍ പോയ 17 മലയാളികളടക്കം 204 പേര് തിരിച്ചെത്താനുണ്ടെങ്കിലും അപകടസാധ്യതയില്ലെന്ന വിലയിരുത്തലില്‍ ഇവരെ കാണാതായവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കാണാതായതായി പൊലീസ് എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയ 93 പേർ റവന്യൂവകുപ്പിെൻറ കണക്കിലില്ല. പൊലീസ് റിപ്പോര്‍ട്ട് പ്രകാരം മരണം 64 ആണ്. ഇത്തരത്തില്‍ സര്‍ക്കാര്‍ കണക്കില്‍ അവ്യക്തതയുണ്ടായതോടെയാണ് കൂടുതല്‍പേരെ കണ്ടെത്താനുണ്ടെന്ന് വ്യക്തമാക്കി ലത്തീന്‍ സഭ ഹൈകോടതിയെ സമീപിക്കുന്നത്.
ഡി.എന്‍.എ ടെസ്റ്റിലൂടെ രണ്ട് മൃതദേഹങ്ങൾ കൂടി തിരിച്ചറിഞ്ഞു
തിരുവനന്തപുരം: ഒാഖി ദുരന്തത്തിൽ മരിച്ച രണ്ടുപേരുടെ മൃതദേഹങ്ങൾ കൂടി തിരിച്ചറിഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന പൊഴിയൂര്‍ സൗത്ത് കൊല്ലംകോട് ഫിഷര്‍മെന്‍ കോളനിയിൽ വിന്സെൻറിെൻറ മകന് അലക്സാണ്ടർ (35), തുമ്പ സ്വദേശി ജെറാൾഡ് എന്നിവരുടെ മൃതദേഹമാണ് ഡി.എന്‍.എ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞത്. മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.ഇതുവരെ 19 പേരെയാണ് മരിച്ച നിലയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുവന്നത്. ഒരാള്‍ ആശുപത്രിയില്‍ െവച്ചും മരണപ്പെട്ടിരുന്നു. മെഡിക്കല്‍ കോളജില്‍ ആറ് മൃതദേഹങ്ങളാണ് ഇനി തിരിച്ചറിയാനുള്ളത്. ഇതില്‍ രണ്ട് മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലും മൂന്ന് മൃതദേഹങ്ങള്‍ ശ്രീചിത്രയിലെ മോര്‍ച്ചറിയിലും ഒരു മൃതദേഹം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.ചികിത്സയിലായിരുന്ന പൂന്തുറ സ്വദേശി തോമസ് ഡേവിഡിനെ (32) ഡിസ്ചാര്‍ജ് ചെയ്തു. ഇനി അഞ്ചുപേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ട്രോമ കെയര്‍ ഐ.സി.യുവില്‍ ചികിത്സയിലുള്ള പൂന്തുറ സ്വദേശി മൈക്കിളിെൻറ (42) ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ട്.
കേരളം ഒമാെൻറ സഹായം തേടി
തിരുവനന്തപുരം: ഒാഖി ദുരന്തവുമായി ബന്ധപ്പെട്ട് കേരളം ഒമാെൻറ സഹായം തേടി. ഒമാൻ തീരത്ത് മൃതദേഹങ്ങൾ കണ്ടെത്തിയെന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് സഹായം തേടിയത്. വിവരം പുറത്തുവന്നതിെൻറ അടിസ്ഥാനത്തിൽ റവന്യൂ വകുപ്പിെൻറയും ദുരന്തനിവാരണ അതോറിറ്റിയുടെയും ചുമതലയുള്ള അഡീഷനൽ ചീഫ് സെക്രട്ടറി ഒമാനിലെ ഇന്ത്യൻ അംബാസിഡറോട് നിജസ്ഥിതി അന്വേഷിച്ച് അറിയിക്കാൻ ആവശ്യപ്പെട്ടു. വിഷയത്തിൽ ഇടപെടാൻ ഒമാൻ അധികൃതരോട് വിദേശകാര്യ മന്ത്രാലയവും ആവശ്യപ്പെട്ടിട്ടുണ്ട്.
പയ്യോളി ആഴക്കടലിൽ കണ്ടെത്തിയ ഫൈബർ വള്ളം തൊഴിലാളികൾ കരക്കെത്തിച്ചു
പയ്യോളി: ആഴക്കടലിൽ മുങ്ങിയ നിലയിൽ കണ്ടെത്തിയ ഫൈബർ വള്ളം മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾ സാഹസികമായി കരക്കെത്തിച്ചു. പയ്യോളി കടലിൽ തീരത്തുനിന്ന് 50 കി.മീറ്റർ അകലെ വെള്ളത്തിൽ മുങ്ങിയ നിലയിൽ കണ്ടെത്തിയ ‘ക്രൈസ്റ്റ് കിങ്’ എന്ന ഫൈബർ വള്ളമാണ് പയ്യോളിയിൽനിന്ന് മത്സ്യബന്ധനത്തിനുപോയ കന്യാകുമാരി സ്വദേശികൾ വെള്ളിയാഴ്ച പുലർച്ച കരക്കെത്തിച്ചത്. വെള്ളം കെട്ടിവലിച്ച് അയനിക്കാട് കടൽത്തീരത്താണ് എത്തിച്ചത്. മത്സ്യത്തൊഴിലാളികളായ ടി. മജിലൻ, എ. ആേൻറാൺ, സി. സാജൻ, എ. ജൂലിയസ് എന്നിവരാണ് വള്ളം കരക്കെത്തിച്ചത്. വള്ളത്തിൽനിന്ന് ലഭിച്ച റൂബർട്ട് എന്നയാളുെട തെരഞ്ഞെടുപ്പ് െഎ.ഡി കാർഡ് തൊഴിലാളികൾ പയ്യോളി എസ്.െഎ കെ. സുമിത്ത്കുമാറിന് കൈമാറി. വിഴിഞ്ഞം മേൽവിലാസത്തിലുള്ളതാണ് െഎ.ഡി കാർഡ്. വള്ളവും െഎ.ഡി കാർഡും ലഭിച്ച വിവരം വിഴിഞ്ഞം പൊലീസിനെ അറിയിച്ചതായി പയ്യോളി പൊലീസ് പറഞ്ഞു. പൊലീസിെൻറ നിർദേശാനുസരണം വള്ളം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.