തിരുവനന്തപുരം: കരമനയിൽ അഖിലെന്ന യുവാവിനെ നടുറോഡിൽ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ നാലുപേർ പിടിയിൽ. പ്രധാന പ്രതികളിലൊരാളായ വട്ടപ്പാറ സ്വദേശി അനീഷിനെ കൂടാതെ പ്രതികളെ സഹായിച്ചുവെന്ന് കരുതുന്ന ഹരിലാൽ, കിരൺ, കിരൺ കൃഷ്ണ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവർക്ക് കൃത്യത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു. ബാലരാമപുരത്ത് നിന്നാണ് അനീഷിനെ കസ്റ്റഡിയിലെടുത്തത്. കൊലയാളി സംഘം സഞ്ചരിച്ചിരുന്ന കാർ ഓടിച്ചിരുന്നത് അനീഷായിരുന്നു. പ്രധാനപ്രതികളായ വിനീഷ് രാജ്, അഖിൽ, സുമേഷ് എന്നിവർക്കുവേണ്ടി ഊർജിതമായ തെരച്ചിൽ തുടരുകയാണ്. ആക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പൊലീസ് പ്രതികളിലേക്കെത്തിയത്.
വെള്ളിയാഴ്ച വൈകീട്ടാണ് നാടിനെ നടുക്കിയ അരുംകൊലയുണ്ടായത്. മരുതൂർക്കടവിൽ അലങ്കാര മത്സ്യകച്ചവടം നടത്തുകയാണ് അഖിൽ. കഴിഞ്ഞമാസം 26ന് പാപ്പനംകോടുള്ള ബാറിലുണ്ടായ തർക്കമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് വിവരം. കാറിലെത്തിയ അക്രമിസംഘം അഖിലിനെ ആദ്യം കമ്പിവടികൊണ്ട് അടിച്ചുവീഴ്ത്തി. പിന്നീട് കല്ലെടുത്ത് തലക്കടിക്കുകയായിരുന്നു.
2019ൽ അനന്തു എന്ന യുവാവിനെ ക്രൂരമായി കൊലചെയ്ത സംഘത്തിലുള്ളവർ തന്നെയാണ് അഖിലിന്റെ കൊലക്ക് പിന്നിലും. 2019 മാർച്ചിൽ കൊഞ്ചിറവിള ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് അനന്തുവും പ്രതികളും തമ്മിൽ തർക്കമുണ്ടായത്. ദിവസങ്ങൾക്ക് ശേഷം പ്രതികളിലൊരാളുടെ ജന്മദിനാഘോഷം നടക്കുന്നതിനിടെ ഇവർ അനന്തുവിനോട് പ്രതികാരം ചെയ്യാൻ തീരുമാനിച്ചു.
റോഡരികിലെ ബേക്കറിയിൽ നിൽക്കുകയായിരുന്ന അനന്തുവിനെ ബലംപ്രയോഗിച്ച് വാഹനത്തിൽ കയറ്റിക്കൊണ്ടുപോയാണ് ആക്രമിച്ചത്. തലയ്ക്ക് കല്ലുകൊണ്ട് അടിക്കുകയും കാലിലെ മാംസം മുറിച്ചുമാറ്റുകയും ചെയ്തു. അനന്തു മരണത്തോട് മല്ലിടുമ്പോൾ പ്രതികൾ പാട്ടുപാടി രസിച്ചു. ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. തൊട്ടടുത്തദിവസം തന്നെ പ്രതികൾ പിടിയിലായിരുന്നു.
അനന്തു വധക്കേസിൽ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. ഇതിനിടെ പ്രതികൾ ജാമ്യത്തിലിറങ്ങി. കൊല്ലപ്പെട്ട അനന്തുവും അഖിലിനും തമ്മിൽ ബന്ധമില്ല. പ്രതികൾ ലഹരിക്കടിമകളാണെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട അഖിലിനെതിരെ ക്രിമിനൽ കേസുകളില്ല. പ്രതികൾ തമിഴ്നാട്ടിലേക്ക് കടക്കാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.