ആദ്യം വിളി 'കൊറിയര്‍ സ്റ്റാഫി'ന്‍റേത്, പിന്നാലെ 'മുംബൈ പൊലീസ്'; ഡിജിറ്റല്‍ അറസ്റ്റിൽ അഞ്ചുലക്ഷം തട്ടിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ

കാക്കനാട്(കൊച്ചി): മുംബൈ സൈബർ പൊലീസ് എന്ന വ്യാജേന ഡിജിറ്റല്‍ അറസ്റ്റ് വഴി എറണാകുളം സ്വദേശിയുടെ അഞ്ചുലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കോഴിക്കോട് കൊടുവള്ളി കൊയ്തപറമ്പിൽ ജാഫറിനെയാണ്​ (27) സൈബർ പൊലീസ് കണ്ണൂരിൽനിന്ന്​ പിടികൂടിയത്. ജാഫറിന്‍റെ അക്കൗണ്ടിലേക്കാണ് പരാതിക്കാരൻ അഞ്ചുലക്ഷം രൂപ അയച്ചത്. സംഭവത്തിൽ ഒക്ടോബർ മൂന്നിന് കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് തുഫൈലിനെ സൈബർ പൊലീസ് പിടികൂടിയിരുന്നു. ഫെബ്രുവരിയിലാണ് സംഭവം നടന്നത്.

കൊറിയര്‍ സര്‍വിസ് സ്ഥാപനത്തിലെ സ്റ്റാഫ് ആണെന്ന വ്യാജേന വിളിച്ചായിരുന്നു തട്ടിപ്പ്. പരാതിക്കാരന്‍റെ പേരില്‍ മുംബൈയിലുള്ള വിലാസത്തില്‍നിന്ന്​ ചൈനയിലെ ഷാങ്ഹായിലേക്ക് നിയമവിരുദ്ധമായി എ.ടി.എം കാര്‍ഡ്, ലാപ്‌ടോപ്, എം.ഡി.എം.എ, പണം ഉള്‍പ്പെടെയുള്ളവ അയച്ചിട്ടുണ്ടെന്ന് പ്രതി വിളിച്ചുപറഞ്ഞു. പിന്നാലെ ഫോണിലൂടെ മുംബൈ സൈബര്‍ ക്രൈം പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനാണെന്നും സംഭവവുമായി ബന്ധപ്പെട്ട് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. തുടര്‍ന്ന് പരാതിക്കാരന്‍റെ അക്കൗണ്ട് കോടതിയില്‍ പരിശോധിക്കുന്നതിനുള്ള തുകയായി അഞ്ച് ലക്ഷത്തോളം രൂപ നോട്ടറിയുടെ ബാങ്ക് എന്ന് പറഞ്ഞ അക്കൗണ്ടിലേക്ക് അയപ്പിച്ചു.

സംഭവത്തെ തുടർന്ന്​ നാഷനല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിലും എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. കൊച്ചി സിറ്റി സൈബര്‍ പൊലീസിന് കൈമാറിയ കേസില്‍ വിശദമായ പരിശോധനയിൽ സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ പി.ആർ. സന്തോഷിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയായ ജാഫറിനെ കണ്ണൂരിൽനിന്ന്​ പിടികൂടിയത്.  

Tags:    
News Summary - One more arrest in kochi digital arrest case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.