കൊയിലാണ്ടി: പൊടിയിൽ കുളിച്ചും ഗതാഗതക്കുരുക്കിൽ കുടുങ്ങിയും കൊയിലാണ്ടി നഗരം. വ്യക്തമായ ആസൂത്രണമില്ലാതെ നടക്കുന്ന സൗന്ദര്യവത്കരണമാണ് വില്ലൻ. അര കിലോമീറ്റർ പോലുമില്ലാത്ത ഓവുചാൽ നവീകരണ പ്രവൃത്തി വർഷത്തോട് അടുക്കാറായിട്ടും ഇഴഞ്ഞുനീങ്ങുകയാണ്. കോവിഡിെൻറ ആദ്യകാലത്ത് വാഹനങ്ങളും ആളുകളും കുറവായതിനാൽ വലിയ പ്രശ്നം സൃഷ്ടിച്ചിരുന്നില്ല.
ഇപ്പോൾ നഗരത്തിൽ വൻ ഗതാഗതക്കുരുക്കാണ്. മേഖല കടന്നുകിട്ടാൻ പലപ്പോഴും മണിക്കൂർ പിന്നിടണം. ആംബുലൻസുകൾപോലും ഏറെ പ്രയാസപ്പെട്ടാണു കടന്നുപോകുന്നത്. ബസുകളുടെ സമയക്രമം തെറ്റുന്നു. സമയത്തിന് എത്താൻ കഴിയാത്തതിനാൽ യാത്രക്കാരുടെ ആവശ്യങ്ങൾ നടക്കാതെ പോകുകയും ചെയ്യുന്നു. ജീവനക്കാർ, വിദ്യാർഥികൾ തുടങ്ങിയവരൊക്കെ ബുദ്ധിമുട്ടുകയാണ്.
കുരുക്കിൽ കുടുങ്ങുന്നതിനാൽ ഇന്ധനനഷ്ടവും വരുന്നു. കാൽനടയാത്രക്കാരും പ്രയാസപ്പെടുന്നു. നഗരത്തിലെ കച്ചവടക്കാരും ദുരിതത്തിലാണ്. പൊടികൾ പാറി സാധനങ്ങൾ കേടാവുന്നു. മണിക്കൂറുകളോളം കടയിൽ കഴിയേണ്ടവർ പൊടിയിൽ കുളിക്കുകയാണ്.
നിരന്തരം പൊടി പാറി കണ്ണിന് അസ്വസ്ഥതകളും ഉണ്ടാകുന്നു. ആവശ്യമായ യന്ത്രസംവിധാനമോ, ജീവനക്കാരോ ഇല്ലാതെയാണ് നവീകരണ ജോലി നടക്കുന്നത്. ഇത്രയേറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടും കണ്ടില്ല, കേട്ടില്ല എന്ന നിലയിലാണ് ബന്ധപ്പെട്ടവർ. സൗന്ദര്യവത്കരണത്തിെൻറ ചെറിയ ഭാഗം മാത്രമാണ് ഓവുചാൽ നവീകരണം. ഇങ്ങനെ പോയാൽ ബാക്കി പണി പൂർത്തിയാകാൻ വർഷങ്ങളെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.