നെടുമ്പാശ്ശേരി: തെൻറ മൂലകോശം സ്വീകരിച്ച കുട്ടിയുടെ പുഞ്ചിരി മൊബൈൽ സ്ക്രീനിൽ തെളിഞ്ഞപ്പോൾ അമീർ സുഹൈൽ ഹുസൈെൻറ മനസ്സിൽ വല്ലാത്ത സന്തോഷവും അതിലേറെ അഭിമാനവുമായിരുന്നു. നേരിട്ട് കാണണമെന്ന് കൊഞ്ചിക്കുഴഞ്ഞ് ആ രണ്ടര വയസ്സുകാരി പറഞ്ഞതോടെ അതിന് കാത്തിരിക്കുകയാണ് സുഹൈൽ എന്ന 26കാരൻ.
രക്താർബുദം ബാധിച്ച പുണെ സ്വദേശിനി വീഹയാണ് മൂലകോശം സ്വീകരിച്ചത്. 2019ലാണ് വീഹക്ക് രോഗം തിരിച്ചറിഞ്ഞത്. യോജിക്കുന്ന മൂലകോശം കണ്ടെത്താനുള്ള അലച്ചിലായിരുന്നു പിന്നീട്. ഒടുവിൽ ഒരാളെ കണ്ടെത്തിയെങ്കിലും വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് അയാൾ പിന്മാറി. 2018ൽ ആലുവ ഗവ. ബോയ്സ് സ്കൂളിൽ സംഘടിപ്പിച്ച മൂലകോശദാന ക്യാമ്പിലാണ് സുഹൈലും ബന്ധുവായ ഫാസിലും രജിസ്റ്റർ ചെയ്ത് സാമ്പിൾ നൽകിയത്. പരിശോധനയിൽ ഈ മൂലകോശം കുട്ടിക്ക് അനുയോജ്യമാണെന്ന് കണ്ടെത്തി.
ആദ്യം വീട്ടുകാരിൽനിന്ന് എതിർപ്പുണ്ടായിരുന്നു. സുഹൃത്തുക്കളായ രണ്ട് ഡോക്ടർമാർ അവരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി. 2019 സെപ്റ്റംബർ 21ന് ഇടപ്പള്ളി അമൃത ആശുപത്രിയിലാണ് ദാനം ചെയ്തത്. ഇതുവരെ ഒരു ശാരീരിക പ്രയാസവുമില്ലെന്ന് സുഹൈൽ പറയുന്നു. വേണ്ടിവന്നാൽ ഇനിയും ദാനം ചെയ്യാൻ സന്നദ്ധനാണ്. മൂലകോശദാനം സംബന്ധിച്ച് സമൂഹത്തിൽ ശരിയായ ബോധവത്കരണം വേണമെന്നാണ് സുഹൈലിെൻറ അഭിപ്രായം.
നെടുമ്പാശ്ശേരി മഠത്തിൽ വീട്ടിൽ സക്കീർ ഹുസൈൻ-സുനിത ദമ്പതികളുടെ മകനായ സുഹൈൽ പാലക്കാട് ടയർ റീസൈക്ലിങ് ബിസിനസ് നടത്തുകയാണ്. അമീൻ നൗറിനാണ് സഹോദരി. കഴിഞ്ഞദിവസം ദാത്രി ബ്ലഡ്സ്റ്റെം സെൽ ഡയറക്ടറി എന്ന സംഘടന ഓൺലൈനായി സംഘടിപ്പിച്ച പരിപാടിയിലാണ് തെൻറ മൂലകോശം സ്വീകരിച്ച കുട്ടിെയയും അവരുടെ മാതാപിതാക്കെളയും സുഹൈൽ കാണുന്നത്. അവരുടെ ക്ഷണമനുസരിച്ച് ഫെബ്രുവരിയിൽ പുണെയിലെ വീട് സന്ദർശിക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.