പ്രധാനമന്ത്രിയുടെ നടപടി ഫെഡറല്‍ സംവിധാനത്തിന് ദോഷം ചെയ്യും –ഉമ്മന്‍ ചാണ്ടി

നെടുമ്പാശ്ശേരി: കേരളത്തില്‍നിന്നുള്ള സര്‍വകക്ഷി സംഘത്തിന് സന്ദര്‍ശനാനുമതി നിഷേധിച്ച പ്രധാനമന്ത്രിയുടെ നടപടി ഫെഡറല്‍ സംവിധാനത്തിന് ദോഷകരമാകുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാജ്യാന്തര വിമാനത്താവളത്തില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഇത്തരത്തില്‍ പ്രധാനമന്ത്രിമാരെ കാണാന്‍ അനുമതി ചോദിച്ചപ്പോഴെല്ലാം ലഭിച്ചിട്ടുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി പ്രശ്നങ്ങള്‍ കേള്‍ക്കുമായിരുന്നു. സഹകരണവിഷയം കേരളത്തെ സംബന്ധിച്ചിടത്തോളം പ്രത്യേക പ്രാധാന്യമുള്ളതാണ്. സംസ്ഥാന നിയമസഭ പ്രത്യേകമായി ചേര്‍ന്ന് ചര്‍ച്ച ചെയ്ത വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്താന്‍ ഒറ്റക്കെട്ടായി ശ്രമിച്ചപ്പോള്‍ അതിന് തയാറാകാതിരുന്ന നിലപാട് ഒരുതരത്തിലും നീതീകരിക്കാന്‍ കഴിയില്ല. കേന്ദ്രസര്‍ക്കാറിന്‍െറ തെറ്റായ നിലപാടിനെതിരായ സമരം കൊടുങ്കാറ്റായി മാറാന്‍ ഇത് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
86 ശതമാനത്തിലേറെ മൂല്യമുളള നോട്ടുകള്‍ പിന്‍വലിച്ച് 13 ശതമാനത്തോളമുള്ള നോട്ടുകള്‍ മാത്രം വിപണിയില്‍ നിലനിര്‍ത്തി ദ്രോഹിക്കുന്നത് എന്തിനെന്ന ജനങ്ങളുടെ ചോദ്യത്തിന് മറുപടിനല്‍കാന്‍ പ്രധാനമന്ത്രിക്ക് കഴിയുന്നില്ല. അക്ഷരാര്‍ഥത്തില്‍ കുറ്റബോധംകൊണ്ടാണ് അദ്ദേഹം പാര്‍ലമെന്‍റിനെയും ജനങ്ങളെയും സര്‍വകക്ഷി സംഘത്തെയും ഭയന്നോടുന്നത്. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങളെല്ലാം അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാറിന് കഴിഞ്ഞെന്നുവരില്ല. പക്ഷേ, അഭിപ്രായങ്ങള്‍ കേള്‍ക്കുകയെന്ന മാന്യത പാലിക്കേണ്ടതുണ്ട്. 133 കോടി ജനങ്ങളെയാണ് പ്രധാനമന്ത്രി വെല്ലുവിളിച്ചത്. പലര്‍ക്കും ഏകാധിപതികളായാല്‍ കൊള്ളാമെന്ന മോഹമുണ്ടാകാം. എന്നാല്‍, ജനാധിപത്യ വ്യവസ്ഥിതി ശക്തമായ ഇന്ത്യയില്‍ ഏകാധിപത്യഭരണം ഒരിക്കലും നടക്കുന്ന കാര്യമല്ളെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    
News Summary - oommanchandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-22 01:43 GMT