തിരുവനന്തപുരം: ഡി.സി.സി അധ്യക്ഷ പട്ടികയിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. കാര്യമായ ചർച്ച നടന്നില്ലെന്നും അതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഫലപ്രദമായ ചർച്ച നടത്തിയിരുന്നെങ്കിൽ ഇതിനേക്കാൾ നല്ല അന്തരീക്ഷം ഉണ്ടാക്കാൻ സാധിക്കുമായിരുന്നു. ചർച്ച കാര്യമായി നടത്തിയില്ല. ചർച്ച നടത്തിയെന്ന് വരുത്തി. പിന്നീട് ചർച്ച ചെയ്യാമെന്ന് പറഞ്ഞെങ്കിലും ചർച്ചയൊന്നും നടന്നില്ല. അതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. മുമ്പെല്ലാം പുനഃസംഘടനയെക്കുറിച്ച് ഫലപ്രദമായ ചർച്ച നടക്കുന്നത് കൊണ്ട് ഇതുപോലെ പ്രശ്നം ഉണ്ടായിരുന്നില്ല -അദ്ദേഹം പറഞ്ഞു.
'കോട്ടയം, ഇടുക്കി ജില്ലകളുമായി ബന്ധപ്പെട്ട് എൻെറ പേര് അനാവശ്യമായി ഇതിനകത്തേക്ക് വലിച്ചിഴച്ചു. പാനൽ ചോദിച്ചതുകൊണ്ടാണ് മൂന്നു പേരുടെ പേര് നൽകിയത്. ഇടുക്കിയിൽ ഇപ്പോൾ വെച്ച പ്രസിഡൻറിനെ ഞാൻ നിർബന്ധിച്ചു എന്ന് ചാനലുകളിലും പത്രങ്ങളിലും പ്രചരിക്കുകയാണ്. അദ്ദേഹത്തിൻെറ പേര് ഞാൻ പറയുമെന്ന് അദ്ദേഹം പോലും പ്രതീക്ഷിക്കുന്നില്ല. ചില താൽപര്യങ്ങൾക്ക് വേണ്ടി വാർത്തകൾ ഉണ്ടാക്കിക്കൊടുക്കുന്നുണ്ട്.' -ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി.
അതേസമയം, ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയതിന് പാര്‍ട്ടിയില്‍ നിന്നും താത്കാലികമായി സസ്‌പെൻഡ് ചെയ്യപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി കെ. ശിവദാസന്‍ നായരും കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാറും രംഗത്തെത്തി.
തന്‍റെ കൂടി രക്തം കൊടുത്ത് വളർത്തിയ പാർട്ടിയാണിതെന്നും അംഗത്വം റദ്ദാക്കിയാലും കോൺഗ്രസിൽനിന്ന് പുറത്താക്കാൻ സാധിക്കില്ലെന്നും കെ. ശിവദാസൻ നായർ പറഞ്ഞു. യോഗ്യതയില്ലാത്ത പലരും ഡി.സി.സി അധ്യക്ഷ സ്ഥാനത്തെത്തിയതായി അനില്‍കുമാർ ആരോപിച്ചു. സസ്പെൻഡ് ചെയ്ത് പേടിപ്പിക്കേണ്ടെന്നും ഡി.സി.സി ഓഫിസിൽ കയറാൻ ആളുകൾ ഇനി ഭയക്കുമെന്നും അനിൽ കുമാർ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.