കണ്ണൂർ: മുഖ്യമന്ത്രിയായിരിക്കെ കണ്ണൂരിലെത്തിയ തന്നെ കല്ലെറിഞ്ഞ കേസിലെ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി. കണ്ണൂർ അസി. സെഷൻസ് കോടതിയിൽ കേസിന്റെ വിചാരണയുടെ ഭാഗമായി നടന്ന സാക്ഷിവിസ്താരത്തിലാണ് സംഭവസമയത്ത് പ്രതികളെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം മൊഴി നൽകിയത്. ഉമ്മൻ ചാണ്ടിയെ കൂടാതെ മുൻമന്ത്രി കെ.സി. ജോസഫിനെയും കോടതി വിസ്തരിച്ചു.
സംഭവസമയത്ത് ചുറ്റും ബഹളവും ആൾക്കൂട്ടവുമായിരുന്നു. അതിനാൽ, അക്രമി സംഘത്തിൽനിന്ന് തന്നെ കല്ലെറിഞ്ഞത് ആരാണെന്ന് മനസ്സിലായിട്ടില്ലെന്നാണ് ഉമ്മൻ ചാണ്ടി ജഡ്ജി രാജീവൻ വാച്ചാലിന്റെ മുന്നിലെത്തി സാക്ഷിമൊഴി നൽകിയത്. ആൾക്കൂട്ടവും ബഹളവുമായതിനാൽ പ്രതികളെ വ്യക്തമായി തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്ന് കെ.സി. ജോസഫും മൊഴി നൽകി.
2013 ഒക്ടോബർ 27നാണ് കേസിനാസ്പദമായ സംഭവം. കണ്ണൂർ പൊലീസ് മൈതാനിയിൽ നടന്ന പൊലീസ് അത്ലറ്റിക് മീറ്റ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു ഉമ്മൻ ചാണ്ടിക്ക് നേരെ ആക്രമണമുണ്ടായത്. അക്രമത്തിൽ ഉമ്മൻ ചാണ്ടിക്കും വാഹനത്തിലുണ്ടായിരുന്ന കെ.സി. ജോസഫ്, ടി. സിദ്ദീഖ് എന്നിവർക്കും പരിക്കേറ്റിരുന്നു. കല്ലെറിയുകയും വധിക്കുക എന്ന ഉദ്ദേശ്യത്തോടെ സംഘം ചേർന്ന് ആക്രമിക്കുകയുമായിരുന്നുവെന്നാണ് കണ്ണൂർ ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസ്.
സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഉൾപ്പെടെ 160ഓളം പേരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. ഇതിൽ മുൻ എം.എൽ.എമാരായ സി. കൃഷ്ണൻ, കെ.കെ. നാരായണൻ എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും പ്രതികൾ. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, തിരുവനന്തപുരം എ.കെ.ജി സെന്റർ ഓഫിസ് സെക്രട്ടറി ബിജു കണ്ടക്കൈ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. 240 സാക്ഷികളാണുള്ളത്. ഇതിൽ 38 സാക്ഷികളുടെ വിസ്താരം പൂർത്തിയായി.
കേസിൽ നേരിട്ട് ഹാജരാകാൻ ഉമ്മൻ ചാണ്ടി, കെ.സി. ജോസഫ്, ടി. സിദ്ദീഖ് എന്നിവർക്കടക്കം കോടതി നോട്ടീസ് നൽകിയിരുന്നു. ഇതിൽ വെള്ളിയാഴ്ച ഹാജരാകാതിരുന്ന ടി. സിദ്ദീഖിന്റെ വിസ്താരം പിന്നീട് നടക്കും. കേസിൽ ആദ്യമായാണ് വിചാരണക്കായി ഉമ്മൻ ചാണ്ടിയും കെ.സി. ജോസഫും നേരിട്ട് കോടതിയിൽ ഹാജരാകുന്നത്.
oommen chandy kc joseph
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.