കോട്ടയം: രാഷ്ട്രീയത്തിൽ എതിർ ധ്രുവങ്ങളിലാണെങ്കിലും ഉമ്മൻ ചാണ്ടിയുടെ അന്ത്യയാത്രയെ അനുഗമിച്ച് മന്ത്രി വി.എൻ. വാസവനും. ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം കോട്ടയത്തേക്ക് തിരിച്ചപ്പോൾ മുതൽ ഔദ്യോഗിക വാഹനത്തിൽ സർക്കാർ പ്രതിനിധിയായി മന്ത്രി വി.എൻ. വാസവനും വിലാപയാത്രക്കൊപ്പമുണ്ടായിരുന്നു. സർക്കാർ പ്രതിനിധിയെന്ന നിലക്കാണ് അനുഗമിച്ചതെങ്കിലും ഉമ്മൻ ചാണ്ടിയോടുള്ള സ്നേഹവും ബഹുമാനവും ഈ യാത്രക്ക് കാരണമാണെന്ന് മന്ത്രി പറഞ്ഞു. എതിർചേരിയിലെ രാഷ്ട്രീയ നേതാവിന്റെ വിലാപയാത്രയെ ഒരു മന്ത്രി അനുഗമിക്കുന്നത് ആദ്യമായിട്ടായിരിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വർഷങ്ങൾ നീണ്ട രാഷ്ട്രീയ ജീവിതത്തിനിടെ ഉമ്മൻ ചാണ്ടിയോട് യോജിച്ചും വിയോജിച്ചും പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ, എന്നും അദ്ദേഹത്തോടുള്ള സ്നേഹവും സൗഹൃദവും കാത്തുസൂക്ഷിച്ചിരുന്നതായി വാസവൻ ഓർക്കുന്നു. ഉമ്മൻ ചാണ്ടി എന്ന നേതാവിനെ അറിഞ്ഞുതുടങ്ങുന്നത് വിദ്യാർഥി രാഷ്ട്രീയകാലത്താണ്. അന്നുമുതൽ സൗഹൃദമുണ്ട്. അടിയന്തരാവസ്ഥയുടെ സമയത്താണ് താൻ രാഷ്ട്രീയത്തിൽ സജീവമായത്. അന്നാണ് പള്ളിക്കത്തോട് ലോക്കൽ കമ്മിറ്റി അംഗവും പിന്നീട് പള്ളിക്കത്തോടും അകലക്കുന്നവും ഒന്നിച്ചുള്ള ലോക്കൽ കമ്മിറ്റിയുടെ സെക്രട്ടറിയായും പാർട്ടി തനിക്ക് ചുമതല നൽകുന്നത്.
പിന്നീട് ഇടതുമുന്നണിയുടെ ഭാഗമായി എത്തിയപ്പോൾ ഉമ്മൻ ചാണ്ടിയുമായി ഒരുമിച്ച് പ്രവർത്തിക്കാനുമായി. 1980ൽ പുതുപ്പള്ളി മണ്ഡലത്തിൽ ഇടതുപക്ഷ മുന്നണിയുടെ ഭാഗമായി ഉമ്മൻ ചാണ്ടി നിയമസഭയിലേക്ക് മത്സരിച്ചപ്പോൾ താൻ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലക്കാരനായിരുന്നു. ഒരിക്കൽ രാത്രി 12ന് ഉമ്മൻ ചാണ്ടി തന്നെ വിളിച്ച് വീടുകൾ കയറാൻ പോകാനായി വിളിച്ചു. ഈ രാത്രി ചെന്ന് ഉറക്കത്തിൽനിന്ന് വിളിച്ചെഴുന്നേൽപ്പിച്ചാൽ ചിലർക്കെങ്കിലും ദേഷ്യം വരില്ലേ എന്നു താൻ ചോദിച്ചു. അൽപം ദേഷ്യം തോന്നുമായിരിക്കും. എങ്കിലും സ്ഥാനാർഥി ഞങ്ങളെയും കാണാൻ വന്നു, വോട്ട് ചോദിച്ചു എന്നത് അവർ മറക്കില്ല എന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മറുപടി. അന്ന് പുലർച്ച മൂന്നുവരെ വീടുകയറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.