കൊല്ലം: ശ്രീനാരായണഗുരു ഓപൺ യൂനിവേഴ്സിറ്റിക്ക് യു.ജി.സി അനുവദിച്ച വിദൂര വിദ്യാഭ്യാസ കോഴ്സുകൾ കേരളത്തിലെ മറ്റ് സർവകലാശാലകൾ നടത്താൻ പാടില്ലെന്ന് ഹൈകോടതി. ഓപൺ യൂനിവേഴ്സിറ്റിക്ക് മാത്രം വിദൂര വിദ്യാഭ്യാസം അനുവദിക്കുന്നതിനെതിരെ ഒരു കൂട്ടം വിദ്യാർഥികൾ സമർപ്പിച്ച ഹരജിയിൽ ജനുവരി 10നാണ് അന്തിമ വിധി പുറപ്പെടുവിച്ചത്. ഓപൺ സർവകലാശാലക്കനുവദിച്ച കോഴ്സുകൾ ഒഴികെയുള്ളവ മാത്രമേ മറ്റ് സർവകലാശാലകൾ നടത്താൻ പാടുള്ളൂവെന്ന് വിധിയിലുണ്ട്.
ശ്രീനാരായണഗുരു ഓപൺ യൂനിവേഴ്സിറ്റി ആക്ടിലെ 72ാം വകുപ്പ് പ്രകാരം കേരളത്തിലെ വിദൂര വിദ്യാഭ്യാസം ഓപൺ യൂനിവേഴ്സിറ്റി മാത്രമാണ് നടത്തേണ്ടതെന്ന് സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്. അഞ്ച് യു.ജി പ്രോഗ്രാമുകൾക്കും രണ്ട് പി.ജി പ്രോഗ്രാമുകൾക്കുമാണ് യു.ജി.സി ആദ്യഘട്ടത്തിൽ അനുമതി നൽകിയത്. 2022-23 മുതൽ അഞ്ച് വർഷത്തേക്കാണ് അനുമതി. ബി.എ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബിക്, സംസ്കൃതം, എം.എ ഇംഗ്ലീഷ്, മലയാളം എന്നിവയാണ് ആദ്യഘട്ടത്തിൽ തുടങ്ങിയത്. 5700 ഓളം വിദ്യാർഥികൾ ചേരുകയും ഡിസംബർ 24ന് വിവിധ പഠനകേന്ദ്രങ്ങളിൽ കൗൺസലിങ് സെഷനുകൾ ആരംഭിക്കുകയും ചെയ്തു.
യു.ജി പ്രോഗ്രാമുകളായ ബി.എ ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, ഫിലോസഫി, ബി.കോം, ബി.സി.എ, ബിസിനസ് സ്റ്റഡീസ്, പി.ജി പ്രോഗ്രാമുകളായ എം.എ ഹിസ്റ്ററി, സോഷ്യോളജി, എം.കോം തുടങ്ങിയ പ്രോഗ്രാമുകൾക്കുള്ള യു.ജി.സി അനുമതി ഓപൺ യൂനിവേഴ്സിറ്റിക്ക് ജനുവരിയിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.