തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപൺ സർവകലാശാല വൈസ് ചാൻസലർ സ്ഥാനത്തുനിന്നുള്ള ഡോ.പി.എം. മുബാറക് പാഷയുടെ രാജി ചാൻസലർ കൂടിയായ ഗവർണർ തള്ളി. രാജി നോട്ടീസിന് ഒരു മാസം പൂർത്തിയായി പ്രാബല്യത്തിൽ വരുന്നതിന്റെ തലേ ദിവസമായ വ്യാഴാഴ്ചയാണ് വി.സിയുടെ അപേക്ഷ നിരസിച്ചുള്ള കത്ത് രാജ്ഭവൻ സർവകലാശാലക്ക് കൈമാറിയത്.
വി.സി നിയമനത്തിൽ യു.ജി.സി റെഗുലേഷൻ പാലിച്ചില്ലെന്നതിന് ഡോ. മുബാറക് പാഷ ഉൾപ്പെടെ നാല് വി.സിമാർക്ക് ഗവർണർ പിരിച്ചുവിടാതിരിക്കാനുള്ള കാരണം ബോധിപ്പിക്കാൻ നോട്ടീസ് നൽകിയിരുന്നു. ഇതിലുള്ള തീരുമാനം ഗവർണറുടെ പരിഗണനയിലാണ്. ഈ വിഷയത്തിൽ യു.ജി.സിയിൽനിന്ന് ഗവർണർ വ്യക്തത തേടിയിരുന്നു. വ്യക്തത ലഭിച്ച ശേഷം ഓപൺ, ഡിജിറ്റൽ സർവകലാശാല വി.സിമാരുടെ നിയമന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് രാജ്ഭവൻ അറിയിച്ചിരുന്നു. സർവകലാശാല നിയമപ്രകാരം വി.സിയുടെ രാജി നോട്ടീസ്, ഒരു മാസം പൂർത്തിയാകുേമ്പാൾ പ്രാബല്യത്തിൽ വരുന്ന സാഹചര്യത്തിലാണ് രാജി നിരസിച്ചുള്ള കത്ത് രാജ്ഭവനിൽനിന്ന് അയച്ചത്.
മുബാറക് പാഷയുടെ നിയമനകാര്യത്തിൽ രാജ്ഭവൻ തീർപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ രാജി സ്വീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് കത്ത് നൽകിയത്. രാജി നിരസിച്ചതോടെ ഡോ. മുബാറക് പാഷക്ക് വി.സി പദവി ഒഴിയാനാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.