തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചു വരുന്ന ക്വട്ടേഷൻ ഗൂണ്ടാ ആക്രമണങ്ങളും പൊലീസ് അക്രമങ്ങളും ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിൽ നിയമസഭയിൽ ബഹളം. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി എവിടെ എന്ന ചോദ്യം ഉന്നയിച്ചാണ് പ്രതിപക്ഷം അംഗങ്ങൾ ബഹളം വെച്ചത്. മൂന്നു ദിവസമായി മുഖ്യമന്ത്രി സഭയിൽ എത്തിയിട്ടില്ലെന്നും ഇത് ഗൗരവതരമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
സഭാ സമ്മേളനം ചേരുമ്പോൾ മുഖ്യമന്ത്രി മാറിനിൽക്കുന്നത് ശരിയാണോ എന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ കെ. മുരളീധരൻ ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്‍റിനെ അവഗണിച്ച് നടക്കുന്നുവെന്ന് ഏകസ്വരത്തിൽ ആരോപണം ഉന്നയിച്ചത് കേരളാ നിയമസഭയാണ്. എന്നാൽ, കേരളത്തിന്‍റെ മുഖ്യമന്ത്രി സഭാ കാര്യങ്ങളിൽ പങ്കെടുത്താതെ മറ്റ് കാര്യങ്ങൾക്ക് പോകുന്നുവെന്നും മുരളീധരൻ ആരോപിച്ചു.
പ്രതിപക്ഷ ആരോപണത്തിന് മറുപടി പറഞ്ഞ മന്ത്രി ജി. സുധാകരൻ, പാർട്ടി പ്രവർത്തകൻ ആയ ശേഷമാണ് പിണറായി വിജയൻ മുഖ്യമന്ത്രിയായതെന്ന് വ്യക്തമാക്കി. അതു കൊണ്ട് തന്നെ പാർട്ടി യോഗങ്ങളിൽ നിന്ന് മാറിനിൽക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
എന്നാൽ, മുഖ്യമന്ത്രി സഭയെ മാനിക്കാത്തത് ഗൗരവതരമാണ്. അത് സഭയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതാണ്. അതിനാൽ മുഖ്യമന്ത്രിയുടെ നടപടിയെ ബഹുമാന കുറവായി കാണേണ്ടിവരുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
അതേസമയം, നിയമസഭയെ അറിയിച്ചിട്ടാണ് മുഖ്യമന്ത്രി പാർട്ടി കേന്ദ്രകമ്മിറ്റി യോഗത്തിന് പോയതെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി. ബിസിനസ് കമ്മിറ്റിയുടെ അനുവാദം മുഖ്യമന്ത്രി വാങ്ങിയിരുന്നുവെന്നും സ്പീക്കർ സഭയെ അറിയിച്ചു.
ഗൂണ്ടകൾക്കെതിരായ ഒാപറേഷൻ കുബേര പദ്ധതി അവസാനിപ്പിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രിക്ക് വേണ്ടി മന്ത്രി ജി. സുധാകരൻ സഭയെ അറിയിച്ചു. ചില സ്ഥലങ്ങളിൽ ചില അക്രമസംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഗൂണ്ടാ ആക്രമണങ്ങൾ വർധിച്ചുവെന്ന ആരോപണം വാസ്തവ വിരുദ്ധമാണ്. സംസ്ഥാനത്ത് ക്രമസമാധാനം ഭദ്രമാണ്. ഒാപറേഷൻ കുബേര തുടരേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചിട്ടില്ല.
ചൊവ്വാഴ്ച തിരുവനന്തപുരത്ത് കൊല്ലപ്പെട്ട മുൻ റേഡിയോ ജോക്കി കൂടിയായ രാജേഷിന്‍റെ കൊലപാതകത്തിൽ ശക്തമായ നടപടി സ്വീകരിച്ചു വരികയാണ്. പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ പൊലീസിന്‍റെ പ്രവർത്തനത്തിൽ ആർക്കും തൃപ്തിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോക്ക് പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.