തിരുവനന്തപുരം: സംസ്ഥാനത്ത് അവയവദാന തട്ടിപ്പ് നടക്കുന്നത് വ്യാജരേഖകള്‍ മറയാക്കിയെന്ന് ൈക്രംബ്രാഞ്ച് കണ്ടെത്തൽ. പണം നൽകി അവയവം വാങ്ങിയശേഷം, ദാതാക്കൾ നൽകേണ്ട സാമൂഹിക പ്രതിബദ്ധത സർട്ടിഫിക്കറ്റ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജമായി തയാറാക്കുകയാണ്.
തട്ടിപ്പിനു പിന്നിൽ സർക്കാർ ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് അന്വേഷണസംഘം സംശയിക്കുന്നു. ഇൗ വിഷയത്തിൽ വിശദ അന്വേഷണം നടത്തും. രണ്ടുവർഷത്തിനിടെ സംസ്ഥാനത്ത് നടന്ന അവയവദാനങ്ങളുടെ വിശദാംശങ്ങള്‍ തേടി ആരോഗ്യവകുപ്പിന് ക്രൈംബ്രാഞ്ച് കത്ത് നൽകി. ഇരകളിൽ ഏറെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ്.
സ്വകാര്യ ആശുപത്രികളിൽ അവയവം മാറ്റിവെക്കേണ്ടവർക്കായി ദാതാക്കളെ കണ്ടെത്തുന്നത് ഏജൻറുമാരാണ്. ദാതാക്കൾക്ക് പണം നൽകിയശേഷം അവരുടെ അറിവോടെ തന്നെയാണ് വ്യാജരേഖകള്‍ തയാറാക്കുന്നത്. സർക്കാറിെൻറ മൃതസഞ്ജീവനി എന്ന പദ്ധതിയെ അട്ടിമറിച്ചാണിത്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ സംസ്ഥാനത്ത് നടന്ന 35 അവയവദാനങ്ങള്‍ ക്രൈംബ്രാഞ്ച് പരിശോധിച്ചു.
കോളനികളിൽ താമസിക്കുന്നവർ മുതൽ ഗുണ്ടകളും ക്രിമിനൽ കേസുകളിൽ പ്രതികളായവരുമുൾപ്പെടെ തട്ടിപ്പിനിരയായിട്ടുണ്ട്. തുച്ഛമായ പണം നൽകിയാണ് അവയവം വാങ്ങിയത്. ഇതോടെയാണ് ദാതാക്കളുടെ സാമൂഹിക പ്രതിബദ്ധത സർട്ടിഫിക്കറ്റിലും ക്രൈംബ്രാഞ്ച് സംശയം പ്രകടിപ്പിച്ചത്.
അവയവം സ്വീകരിച്ച പലരുടെയും ആരോഗ്യാവസ്ഥ മോശമായതിനാൽ അവരുടെ മൊഴിയെടുക്കാൻ സാധിച്ചിട്ടില്ല. ആരോഗ്യവകുപ്പ് നൽകുന്ന രേഖകള്‍ പരിശോധിച്ച് സർക്കാർ ഉദ്യോഗസ്ഥരിലേക്കും ഏജൻറുമാരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് അന്വേഷണസംഘം ഉദ്ദേശിക്കുന്നത്. സർക്കാറിെൻറ അവയവദാന പദ്ധതിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ തെറ്റായ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകിയത് മാഫിയയാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു വർഷത്തിനിടെ വൻതോതിൽ അവയവ 'വ്യാപാരം' നടന്നതായി ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ. ഇതിനു പിന്നിൽ സംഘടിത ഗൂഢാലോചനയും നിയമലംഘനവും നടന്നു. ക്രൈംബ്രാഞ്ച് തൃശൂർ എസ്.പി കെ.എസ്. സുദർശനാണ് അന്വേഷണച്ചുമതല. തിരിച്ചറിയാത്തവരെ പ്രതിചേർത്താണ് കേസെടുത്തത്.
2012 മുതൽ ഇതുവരെ മസ്തിഷ്ക മരണം സംഭവിച്ച 314 പേരിൽനിന്ന് 888 അവയവങ്ങൾ സ്വീകരിച്ചു. കൂടുതൽ പേർക്ക് കൈമാറിയത് വൃക്കയാണ് -542. 2015ന് ശേഷം മസ്തിഷ്ക മരണം സംഭവിച്ചവരുടെ അവയവങ്ങൾ ദാനം ചെയ്യുന്നതിൽ കുറവുണ്ടായി. 2015ൽ 218 പ്രധാന അവയവങ്ങൾ ദാനം ചെയ്ത സ്ഥാനത്ത് 2018ൽ 29ഉം 2019ൽ 55ഉം 2020ൽ 61ഉം അവയവങ്ങളാണ് ദാനം ചെയ്തത്. 2015ൽ 132 വൃക്കകൾ ദാനം ചെയ്തിടത്ത് 2020ൽ 35 എണ്ണം മാത്രം.
മസ്തിഷ്ക മരണം സംഭവിക്കുന്നവരുടെ അവയവം മാറ്റുന്നത് സങ്കീർണ പ്രക്രിയയായതിനാൽ പല ആശുപത്രികൾക്കും താൽപര്യക്കുറവാണ്. മരണശേഷം അവയവം ദാനംചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സർക്കാർ സൈറ്റിൽ രജിസ്റ്റർ ചെയ്യാം. എന്നാൽ, മരണാനന്തരം ബന്ധുക്കളുടെ സമ്മതത്തോടെ മാത്രമേ അവയവം എടുക്കാനാകൂ.
ഉറ്റ ബന്ധുക്കൾ ദാതാക്കളാകുന്ന ലൈവ് ഡോണർ ട്രാൻസ്പ്ലാൻറേഷന് അനുമതി നൽകാൻ പ്രത്യേക സർക്കാർ കമ്മിറ്റിയുണ്ട്. നാലു വർഷത്തിനിടെ 2392 വൃക്കകളും 503 കരളും ഇങ്ങനെ ദാനം ചെയ്തിട്ടുണ്ട്. എന്നാൽ, കോവിഡ് ബാധക്കുശേഷം അവയവദാനത്തിന് തിരിച്ചടി നേരിട്ടു. 2019ൽ 690 പേർ വൃക്കകൾ ദാനം ചെയ്തപ്പോൾ ഈ വർഷം ദാനം ചെയ്തത് 307പേർ മാത്രമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.