പാലക്കാട്ടെ പാതിരാ റെയ്ഡ്: കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി പ്രതിപക്ഷ നേതാവ്

പാലക്കാട്: പാലക്കാട് കോൺഗ്രസ് നേതാക്കൾ തങ്ങിയ ഹോട്ടൽ മുറിയിൽ പൊലീസ് അർധരാത്രി പരിശോധന നടത്തിയ സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനെയും ഉദ്യോഗസ്ഥരെയും നോക്കുകുത്തികളാക്കി സി.പി.എം പൊലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

അർധരാത്രിയില്‍ റെയ്ഡിന് എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിയാണ് നേതാക്കളായ ഷാനിമോള്‍ ഉസ്മാന്റെയും ബിന്ദു കൃഷ്ണയുടെയും മുറികളുടെ വാതിലില്‍ മുട്ടിയതും പരിശോധന നടത്തിയതുമെന്ന് പരാതിയിൽ പറഞ്ഞു. സെര്‍ച്ച് നടത്തുന്നത് സംബന്ധിച്ച് ബി.എന്‍.എസ്.എസില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ഒരു നടപടിക്രമവും പൊലീസ് പാലിച്ചില്ല.

പരിശോധനയ്‌ക്കെത്തിയ പൊലീസ് സംഘത്തിനൊപ്പം എ.ഡി.എം, ആര്‍.ഡി.ഒ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഇല്ലായിരുന്നു എന്നതും നിയമവിരുദ്ധമാണ്. രാത്രി 12 മണിക്ക് ശേഷം തുടങ്ങിയ പരിശോധനയിൽ പുലര്‍ച്ചെ 2.30 ആയപ്പോള്‍ മാത്രമാണ് എ.ഡി.എമ്മും ആര്‍.ഡി.ഒയും സ്ഥലത്തെത്തിയത്. റെയ്ഡ് വിവരം തങ്ങള്‍ അറിഞ്ഞില്ലെന്ന് ആര്‍.ഡി.എം ഷാഫി പറമ്പില്‍ എം.പിയോട് വ്യക്തമാക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നിയന്ത്രണങ്ങളും നിലനില്‍ക്കെ പൊലീസിനെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സി.പി.എം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പരാതിയിൽ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Palakkad raid VD Satheesan filed a complaint with the Central Election Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.