മേപ്പാടി: കാർ ബൈക്കിനോടുചേർന്ന് ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെത്തുടർന്ന് യുവാവിനെ ക്രൂരമായി മർദിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേരെ മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കടമ്പോട് ചാത്തൻചിറ വീറ്റിൽ ബാദുഷ(26), മലപ്പുറം തിരൂർ പൂക്കയിൽ പുഴക്കൽ വീട്ടിൽ മുഹമ്മദ് റാഷിദ്(29) എന്നിവരെയാണ് മേപ്പാടി പൊലീസ് മുട്ടിലിൽവെച്ച് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.
മേയ് അഞ്ചിന് പുലർച്ചയാണ് കേസിനാസ്പദമായ സംഭവം. തോമാട്ടുചാൽ സ്വദേശിയായ യുവാവ് ഓടിച്ചിരുന്ന കാർ ബൈക്കിനോട് ചേർന്ന് ഓവർടേക്ക് ചെയ്തതായി ആരോപിച്ച് എട്ടോളം ആളുകൾ ചേർന്ന് യുവാവിനെ കാറിൽ നിന്നും വലിച്ചിറക്കി ആയുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.
വാഹനത്തിൽ കയറ്റി ചിത്രമൂലയിലെ ചായത്തോട്ടത്തിൽ കൊണ്ടുപോയി വീണ്ടും മർദിക്കുകയും കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മർദനത്തെ തുടർന്ന് യുവാവിന്റെ കാൽപാദത്തിന്റെ എല്ലു പൊട്ടി ഗുരുതര പരിക്കേൽക്കുകയായിരുന്നു. എസ്.ഐ എം.പി. ഷാജി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം.വി. ബിഗേഷ്, എ.എസ്. പ്രശാന്ത് കുമാർ, സിവിൽ പൊലീസ് ഓഫിസറായ ബാലു നായർ തുടങ്ങിയവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു
സംഭവത്തിൽ പിടികൂടിയ മുഹമ്മദ് റാഷിദിനെ ദേഹപരിശോധന നടത്തവെ വിൽപനക്കായി സൂക്ഷിച്ച അതിമാരക മയക്കുമരുന്നായ എം.ഡി. എം.എ പിടിച്ചെടുത്തിട്ടുണ്ട്. 19.79 ഗ്രാം എം.ഡി.എം.എ ആണ് മേപ്പാടി പൊലീസ് കണ്ടെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.