കണ്ണൂർ: എന്തുകൊണ്ട് തോറ്റു എന്നതിനുള്ള ഉത്തരം കൂടിയാണ് സി.പി.എം സംസ്ഥാന സമിതിയംഗം കൂടിയായ പി. ജയരാജൻ നേർക്കുനേർ പറഞ്ഞത്. തോറ്റാലും ജയിച്ചാലും ജനങ്ങൾക്കൊപ്പം നിൽക്കണം, ചരിത്രത്തിൽനിന്ന് പാഠമുൾക്കൊണ്ട് വേണ്ട തിരുത്തലുകൾ നടത്തണം എന്നിങ്ങനെ പൊതുവേദിയിൽ വിശദീകരിച്ചപ്പോൾ കുന്തമുന സംസ്ഥാന നേതൃത്വത്തിനെതിരെയെന്ന് വ്യക്തം. 18, 19, 20 തീയതികളിൽ നടക്കുന്ന സംസ്ഥാന സമിതി യോഗത്തിലും പി. ജയരാജൻ ഇത് ഉന്നയിക്കുമെന്നാണ് സൂചന.
പാർട്ടി വാട്സ്ആപ് ഗ്രൂപ്പുകളിലും മറ്റു സ്വകാര്യ വേദികളിലും നടക്കുന്ന വിമർശനം കൂടിയാണ് ജയരാജൻ പൊതുവേദിയിൽ ആവർത്തിച്ചത്. കനത്ത തോൽവി ഏറ്റുവാങ്ങിയെങ്കിലും പാർട്ടിക്ക് കാര്യമായ പരിക്കേറ്റിട്ടില്ലെന്ന നിലക്കാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനും നേരത്തേ പറഞ്ഞത്. യു.ഡി.എഫിന് അഞ്ചു ശതമാനം വോട്ട് കുറഞ്ഞപ്പോൾ ഇടതുപക്ഷത്തിന് ഒരു ശതമാനം വോട്ടേ കുറഞ്ഞുള്ളൂവെന്നും ഇരുവരും വിശദീകരിച്ചു.
തൃശൂരിലെ യു.ഡി.എഫ് വോട്ട് ചോർച്ചകൂടി ഉന്നയിച്ച് ഏറക്കുറെ ഇതുതന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നിയമസഭയിലും ആവർത്തിച്ചത്.ഇതിൽനിന്നെല്ലാം വ്യത്യസ്തമാണ് പി. ജയരാജൻ പ്രസംഗമെന്നതാണ് ശ്രദ്ധേയം. കണ്ണൂരിലെ പാർട്ടിക്കോട്ടകളിൽനിന്നുപോലും യു.ഡി.എഫിലേക്ക് വോട്ട് ഒഴുകിയതും ബി.ജെ.പി വോട്ട് ഇരട്ടിച്ചതുമായി ബന്ധപ്പെട്ടും വാട്സ്ആപ് ഗ്രൂപ്പുകളിൽ വലിയ ചർച്ചയാണ് നടക്കുന്നത്. അധികാരത്തണലിൽ പാർട്ടി ജനങ്ങളിൽനിന്ന് അകന്നുവെന്നും അഭിപ്രായം പറയുന്നവരെ വിമതരാക്കുന്നുവെന്നുമാണ് നേതാക്കൾ ഉൾപ്പെടെയുള്ളവരുള്ള ഗ്രൂപ്പുകളിൽ വന്ന പ്രധാന വിമർശനം. ഇത്തരം വിമർശനങ്ങൾകൂടി ഏറ്റുപറഞ്ഞാണ് പി. ജയരാജൻ നേതൃത്വത്തിനെതിരെ പരോക്ഷമായി രംഗത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.