മാധ്യമപ്രവർത്തകക്ക്​ അധിക്ഷേപം: ജീവനക്കാരനെ തള്ളിപ്പറഞ്ഞ്​ ദേശാഭിമാനി പത്രാധിപർ

കൊച്ചി: മാധ്യമപ്രവർത്തകർക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ചിലകേന്ദ്രങ്ങൾ അധിക്ഷേപ പ്രചാരണങ്ങൾ നടത്തിയ വിഷയത്തിൽ പ്രതികരണവുമായി ദേശാഭിമാനി ചീഫ്​ എഡിറ്റർ പി.രാജീവ്​. ദേശാഭിമാനിയിൽ സർക്കുലേഷൻ വിഭാഗത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നയാളുടെ ഫേസ്ബുക്​ അക്കൗണ്ടിൽ നിന്നും മനോരമ ചാനലിലെ മാധ്യമ പ്രവർത്തകയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പോസ്റ്റിട്ടതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്​. ഇത്തരം രീതികളോട് ദേശാഭിമാനിക്ക് യോജിപ്പില്ല.

ദേശാഭിമാനിയുടെ പേജിൽ നിന്നല്ലെങ്കിൽ പോലും പത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ ഭാഗത്തു നിന്നു മാത്രമല്ല ആരിൽ നിന്നും ഇത്തരം പ്രവണതകൾ ഉണ്ടാകാൻ പാടില്ലെന്നതാണ് സമീപനം. ഇതുസംബന്ധിച്ച് ആ വ്യക്തിയോട് വിശദീകരണം ചുമതലപ്പെട്ടവർ ചോദിച്ചിട്ടുണ്ട്.

രാഷ്ട്രീയമായ വിമർശനങ്ങളാകാം. വ്യക്തിപരമായ അധിക്ഷേപവും സ്വകാര്യതകളിലേക്കുള്ള നുഴഞ്ഞുകയറ്റവും ആധുനിക സമൂഹത്തിനു യോജിക്കുന്നതല്ല. മോർഫിങ്ങുകളും നിർമ്മിത കഥകളും വഴി പാർട്ടി നേതാക്കളെ മാത്രമല്ല, കുടുംബാംഗങ്ങളെ വരെ വ്യക്തിഹത്യ ചെയ്യുന്ന രീതി സാമൂഹ്യ മാധ്യമങ്ങളിലൂടെ എതിരാളികൾ നടത്തുന്നുണ്ടെങ്കിലും അത്തരം രീതികളോട് യോജിപ്പില്ല. വ്യക്തി അധിക്ഷേപ രീതികളെ തങ്ങൾ തള്ളിപ്പറയുന്നുവെന്നും പി.രാജീവ്​ കൂട്ടിച്ചേർത്തു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.