കൊച്ചി :സ്ത്രീകളുടെ സാമൂഹിക പദവി മെച്ചപ്പെടുത്താനുള്ള ഇടപെടലുകൾ ആരംഭിക്കേണ്ടത് വീടുകളിൽ നിന്നാണെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ.പി. സതീദേവി. സംസ്ഥാന വനിതാ കമ്മീഷൻ ദേശീയ വനിതാ കമ്മീഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായരുന്നു അവർ.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചു പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും തുല്യ പദവിയെന്ന സ്ഥിതിയിലേക്ക് രാജ്യമെത്തിയിട്ടില്ല എന്നതാണ് വാസ്തവം. ഈ സാഹചര്യത്തിൽ സ്ത്രീകളുടെ സാമൂഹിക പദവി മെച്ചപ്പെടുത്താനാവശ്യമായ ഇടപെടലുകൾ നടത്തുക എന്നത് വനിതാ കമ്മീഷന്റെ ഉത്തരവാദിത്തമാണ്. വനിതാ കായിക താരങ്ങളുടെ ആരോഗ്യവും കായിക ക്ഷമതയും വർധിപ്പിക്കാനുള്ള ചർച്ചകൾ നടക്കേണ്ടതുണ്ട്.
കായിക മത്സരങ്ങളിലും ഗെയിംസിലും പങ്കെടുക്കുന്ന വനിതകളുടെ ആവശ്യങ്ങൾ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ വിലയിരുത്തപ്പെടണം. കായിക മേഖലയിലെ വനിതകളുടെ സാനിധ്യവും പ്രകടനവും മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഉത്തരവാദിത്വ പൂർണമായ ഇടപെടലുകൾ അത്യാവശ്യമാണെന്നും സതീദേവി പറഞ്ഞു. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്‌സികുട്ടൻ അധ്യക്ഷത വഹിച്ചു.
ടി. ജെ വിനോദ് എം.എൽ.എ മുഖ്യതിഥിയായി. കായിക താരങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുകയെന്നതാണ് പ്രഥമ പരിഗണന അർഹിക്കുന്ന വിഷയമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും കളിക്കളങ്ങൾ ഒരുക്കാനുള്ള സർക്കാർ ഇടപെടലുകൾ അഭിനന്ദനമർഹിക്കുന്നുണ്ട്. എന്നാൽ ഈ വിഷയത്തിലെ പ്രതിബന്ധങ്ങൾ കൃത്യമായി പരിഹരിഹരിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
കായിക മേഖലയിലെ സ്ത്രീകൾ എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. സെമിനാറിലെ നിർദേശങ്ങളും ശുപാർശകളും സംസ്ഥാന സർക്കാരിന് സമർപ്പിക്കും. കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപിക ഷിബി മാത്യു, കായിക താരമായ അൽഫോൻസ കുര്യൻ ജോർജ്, ലോക ബോക്സിങ് ചാമ്പ്യൻ കെ. സി ലേഖ, തൃശൂർ എലൈറ്റ് മിഷൻ ആശുപത്രിയിലെ ചീഫ് ഫിസിയോതെറാപ്പിസ്റ്റ് ജിജി ജോർജ് എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.
കേരള വനിതാ കമ്മീഷൻ അംഗങ്ങളായ അഡ്വ.ഇന്ദിര രവീന്ദ്രൻ, അഡ്വ.പി. കുഞ്ഞായിഷ, വി.ആർ. മഹിളാമണി, അഡ്വ. എലിസബത്ത് മാമ്മൻ മത്തായി, കേരള വനിതാ കമ്മീഷൻ മെമ്പർ സെക്രട്ടറി സോണിയ വാഷിങ്ടൺ, ഡയറക്ടർ പി.ബി രാജീവ്, പ്രൊജക്റ്റ് ഓഫീസർ എൻ. ദിവ്യ, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി സിമി ആന്റണി, കേരള വനിതാ കമ്മീഷൻ പബ്ലിക് റിലേഷൻസ് ഓഫീസർ ശ്രീകാന്ത് എം. ഗിരിനാഥ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.