തൃക്കുന്നപ്പുഴ: തുരുമ്പുവിലക്ക് തൂക്കിവിൽക്കാൻ പാകത്തിലാണ് പല്ലന കെ.വി. ജെട്ടി തൂക്കുപാലം. തുരുമ്പെടുത്ത് നശിച്ച പാലത്തിലൂടെയുള്ള സാഹസികയാത്ര അപകടഭീതി വിതക്കുന്നു. ദുരന്തമുണ്ടായാൽ മാത്രമേ കണ്ണ് തുറക്കൂവെന്ന നിലപാടിലാണ് അധികൃതർ. തൃക്കുന്നപ്പുഴ പഞ്ചായത്തിൽ പല്ലന കെ.വി. ജെട്ടി കടവിന് കുറുകെ 2014 ജൂണിൽ നിർമിച്ച പാലം അധികൃതരുടെ അനാസ്ഥമൂലമാണ് നശിക്കുന്നത്. ഉരുക്ക് വടങ്ങളിൽ തൂങ്ങിക്കിടക്കുന്ന ഇരുമ്പകൊണ്ട് നിർമിച്ച ഈ പാലത്തിന് 73 മീറ്റർ നീളവും 1.2 മീറ്റർ വീതിയുമുണ്ട്.
ജലനിരപ്പിൽനിന്ന് ഏഴരമീറ്റർ ഉയർന്നാണ് പാലം നിൽക്കുന്നത്. സ്കൂൾ കുട്ടികളടക്കം നൂറുകണക്കിനുപേർ ഉപയോഗിക്കുന്ന പാലത്തിലൂടെ സാഹസികയാത്ര ഇഷ്ടപ്പെടുന്നവർക്ക് മാത്രമേ ഇപ്പോൾ സഞ്ചരിക്കാൻ കഴിയൂ. ഇരുമ്പ് ഷീറ്റുകൊണ്ട് നിർമിച്ച നടപ്പാത തുരുമ്പെടുത്ത് ദുർബലമായി. ഏതുനിമിഷവും നിലംപതിക്കാമെന്ന നിലയിലാണ്. പാലത്തിന്റെ ചവിട്ടുപടി പൂർണമായും നശിച്ചു. വലിയ വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്.
ഇരുവശങ്ങളിലെ കൈവരികൾ തുരുമ്പെടുത്ത് ദ്രവിച്ചുതുടങ്ങി. ഇരുമ്പ് വല നശിച്ച ആദ്യ ഘട്ടത്തിൽ ഓലവെച്ച് നാട്ടുകാർ അരികുകൾ മറച്ചിരുന്നു. എന്നാൽ, പകുതിയിലേറെ ഭാഗത്തെ വല ഇല്ലാതായതോടെ നാട്ടുകാരും നിസ്സഹായരായി. കാലാകാലങ്ങളിൽ ഇരുമ്പ് വടം മുറുക്കിക്കൊടുക്കണമെന്നാണ് വ്യവസ്ഥ. എട്ടുകൊല്ലമായിട്ടും അങ്ങനെയൊരു പ്രവൃത്തി നടന്നിട്ടില്ല. പാലം ഭീതിപ്പെടുത്തുന്ന രീതിയിൽ ആടിയുലയുന്നുണ്ട്. കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനിയായിരുന്നു നിർമാണജോലി നടത്തിയത്.
പ്രശ്നപരിഹാരത്തിന് സാധ്യമായ വഴികൾ തേടുന്നതിന് പകരം കമ്പനിയാണ് എല്ലാം ചെയ്യേണ്ടതെന്ന മറുപടിയാണ് പഞ്ചായത്ത് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ, പഞ്ചായത്താണ് കാലാകാലങ്ങളിലുള്ള അറ്റകുറ്റപ്പണി നടത്തുന്നതിന് പദ്ധതികൾ ആവിഷ്കരിക്കണമെന്നാണ് കമ്പനി പറയുന്നത്. സമാനമായ പതിയാങ്കര തൂക്കുപാലം ജില്ല പഞ്ചായത്തിെൻറ ധനസഹായത്തോടെ അറ്റകുറ്റപ്പണി നടത്തിയിരുന്നു. സംസ്ഥാന സർക്കാറിനും ജില്ല പഞ്ചായത്തിനും പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം ഉടൻ അയക്കുമെന്ന് തൃക്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എസ്. വിനോദ്കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.