ധോണി: പിടിയിലായ കാട്ടുകൊമ്പൻ പി.ടി 7ന്റെ (ധോണി) പരിചരണത്തിന് വയനാട് സംഘത്തിന്റെ സഹായം തേടുമെന്ന് പാലക്കാട് ഡി.എഫ്.ഒ കുറ ശ്രീനിവാസ്. ധോണിക്ക് വേണ്ടി മാത്രം രണ്ട് പ്രത്യേക പാപ്പാനെ കണ്ടെത്തുമെന്നും ഡി.എഫ്.ഒ പറഞ്ഞു.
ആനയുടെ വലിപ്പവും ഭാരവും അനുസരിച്ച് വെറ്റിനറി ഡോക്ടർ നിർദേശിക്കുന്ന ഭക്ഷണമാണ് നൽകുക. വയനാട് ദൗത്യസംഘത്തിലെ ഒരു ഡോക്ടർ ധോണിയിലുണ്ടാവും. ആനക്ക് വേണ്ടി പ്രത്യേക ഡയറ്റ് ബുക്ക് തയാറാക്കുമെന്ന് വ്യക്തമാക്കിയ ഡി.എഫ്.ഒ, പ്രത്യേക പാചകക്കാരനെ നിയമിക്കുമെന്നും കൂട്ടിച്ചേർത്തു.
പി.ടി-7ന് പരിശീലനം നൽകി കുങ്കിയാക്കാനാണ് പദ്ധതി. കാട്ടിൽ മദിച്ച് നടന്ന കാട്ടാനക്ക് ഇനി ചിട്ടയുടെ കാലമാണ്. ധോണി, മായാപുരം, മുണ്ടൂർ മേഖലകളിൽ നാല് വർഷം നാശമുണ്ടാക്കിയ കൊമ്പനെ 140 യൂക്കാലിപ്സ് മരം കൊണ്ട് നിർമിച്ച കൂട്ടിലേക്കാണ് മാറ്റിയത്.
പാലക്കാട് ധോണി ജനവാസ മേഖലകളെ മാസങ്ങളായി ആശങ്കയുടെ മുൾമുനയിൽ നിർത്തിയ കാട്ടുകൊമ്പൻ പി.ടി-7നെ (പാലക്കാട് ടസ്കർ ഏഴാമൻ) ഇന്നലെയാണ് വനപാലകർ മയക്കുവെടിവെച്ച് പിടികൂടിയത്. ചീഫ് വെറ്ററിനറി സർജൻ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘമാണ് ധോണിയിലെ കോർമ എന്ന സ്ഥലത്ത് ആനയെ കണ്ടെത്തി മയക്കുവെടി വെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.