നിയാസ് കുട്ടശ്ശേരി

സമാന്തര എക്സ്ചേഞ്ച്: സി ബ്രാഞ്ചിന്റെ അടുത്തദൗത്യം വിദേശത്തുള്ള നിയാസിനെ തിരിച്ചെത്തിക്കൽ

കോഴിക്കോട്: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ അന്വേഷണ സംഘത്തിന്റെ അടുത്ത ദൗത്യം വിദേശത്തുള്ള പ്രതിയെ തിരിച്ചെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തൽ. മലപ്പുറം വാരങ്ങോട് സ്വദേശി നിയാസ് കുട്ടശ്ശേരിയാണ് (41) ഗൾഫിലുള്ളത്. കേസിൽ പ്രതിചേർക്കുന്നതിനുമുമ്പേ ഇയാൾ വിദേശത്തായിരുന്നു. പ്രതിയായെന്നറിഞ്ഞതിൽ പിന്നെ ഇയാൾ നാട്ടിൽ വന്നിട്ടില്ലെന്നാണ് സി -ബ്രാഞ്ചിന് ലഭ്യമായ വിവരം.

നിയാസിനെ കേരളത്തിക്കാൻ അന്വേഷണ സംഘം ഉടൻ കോടതിയെ സമീപിക്കും. കോടതി നിർദേശപ്രകാരം എംബസിയുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാനാണ് ശ്രമിക്കുക. നിലവിൽ കേസിൽ പ്രതിചേർത്തവരിൽ ഇയാൾ മാത്രമാണ് ഇനി അറസ്റ്റിലാവാനുള്ളത്.നേരത്തേ ദുബൈയിലുണ്ടായിരുന്നപ്പോൾ ഇയാളാണ് സമാന്തര എക്സ്ചേഞ്ചുകൾ വഴിയുണ്ടാക്കിയ വിവിധ റൂട്ടുകൾ വിൽപന നടത്തിയതിന്റെ പ്രതിഫലം കേസിലെ മുഖ്യസൂത്രധാരൻ മൂരിയാട് സ്വദേശി പി.പി. ഷബീറിന് കൈമറിയത്. കോടിക്കണക്കിന് രൂപയുടെ ഇടപാടാണ് ഇരുവരും തമ്മിൽ നടന്നത്. സമാന്തര എക്സ്ചേഞ്ചുകളുടെ മറവിലുള്ള കുഴൽപ്പണ ഇടപാടിലും ഇയാൾ കൂട്ടാളിയായിരുന്നു.

സമാന കേസിൽ ബംഗളൂരുവിൽ മിലിട്ടറി ഇന്റലിജൻസ് അറസ്റ്റുചെയ്ത മലപ്പുറം കാടാമ്പുഴ സ്വദേശി ഇബ്രാഹീം പുല്ലാട്ടിനെ കേസിൽ പ്രതിചേർത്ത് അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് നിയാസ് കുട്ടശ്ശേരിയുടെ പങ്കാളിത്തം പൊലീസിന് അറിവായത്. മറ്റുപ്രതികൾക്കൊപ്പം ഇയാൾക്കായും നേരത്തേ അന്വേഷണ സംഘം ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. അതേസമയം, കേസിൽ തെളിവെടുപ്പിനായി കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വാങ്ങിയ ബേപ്പൂർ സ്വദേശി അബ്ദുൽ ഗഫൂർ, പൊറ്റമ്മൽ സ്വദേശി കൃഷ്ണപ്രസാദ് എന്നിവരെ വീണ്ടും റിമാൻഡ് ചെയ്ത് ജയിലിലേക്ക് മാറ്റി. ഷബീറിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച നിർണായക വിവരങ്ങൾ ഇവരിൽ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചു.

കോടികളുടെ ഇടപാടാണ് നടന്നത് എന്ന് വ്യക്തമായതോടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) അന്വേഷണം ആരംഭിച്ചു. ദേശവിരുദ്ധ പ്രവർത്തനങ്ങൾ സംശയിക്കുന്നതിനാൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ) കൊച്ചി ഓഫിസും നേരത്തേതന്നെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. സമാന്തര എക്സ്ചേഞ്ചുകൾ നടത്തി സമ്പാദിച്ച പണം വിവിധ മേഖലകളിൽ നിക്ഷേപിച്ചതായി കണ്ടെത്തിയതിനാൽ പ്രതികളുടെ സ്വത്തുവിവരങ്ങൾ വീണ്ടും പൊലീസ് പരിശോധിക്കുന്നുണ്ട്.

ബിനാമി പേരുകളിൽ ഇവരിൽ ചിലർ വയനാട്ടിലെ ടൂറിസം മേഖലയിലടക്കം വൻ നിക്ഷേപം നടത്തിയതായാണ് വിവരം.2021 ജൂലൈ ഒന്നിന് നഗരത്തിലെ ഏഴിടത്ത് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ കണ്ടെത്തിയ സംഭവത്തിൽ കസബ സ്റ്റേഷനിൽ അഞ്ചും നല്ലളം സ്റ്റേഷനിൽ ഒന്നും ഉൾപ്പെടെ ആറ് കേസുകളാണ് രജിസ്റ്റർ ചെയ്തതത്.

Tags:    
News Summary - Parallel Exchange: C Branch's next mission is to bring Nias back abroad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.