ന്യൂഡൽഹി: യു.ഡി.എഫിലേക്ക് തിരിച്ചെത്തുന്നതിന് പാരിതോഷികമായി നാലു വർഷത്തേക്ക് കോൺഗ്രസിെൻറ രാജ്യസഭ സീറ്റ് കേരള കോൺഗ്രസിന്. വീണ്ടും മുന്നണി ഘടകകക്ഷിയാകാനുള്ള തീരുമാനം വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന മാണി ഗ്രൂപ് പാർലമെൻററി പാർട്ടി യോഗത്തിനുശേഷം ഒൗപചാരികമായി പ്രഖ്യാപിക്കും. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ കോട്ടയം സീറ്റും മാണി ഗ്രൂപ് ഉറപ്പിച്ചു.
രാജ്യസഭയിൽനിന്ന് വിരമിക്കുന്ന ഉപാധ്യക്ഷൻ പി.ജെ. കുര്യൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് തുറന്ന കത്ത് അയച്ചതടക്കം കോൺഗ്രസിൽനിന്ന് ഉയരുന്ന കടുത്ത പ്രതിഷേധങ്ങൾ വകവെക്കാതെയാണ് ഒഴിവുവരുന്ന രാജ്യസഭ സീറ്റ് മാണി ഗ്രൂപ്പിന് വിട്ടുകൊടുക്കാൻ തീരുമാനിച്ചത്. കെ.പി.സി.സി മുൻപ്രസിഡൻറ് വി.എം. സുധീരനെപ്പോലുള്ള മുതിർന്ന നേതാക്കളും കടുത്ത വിമർശനം ഉയർത്തി. കോൺഗ്രസിനുള്ളിൽ സീറ്റ് തർക്കം മുറുകിയതിനിടയിൽ അപ്രതീക്ഷിത നീക്കത്തിലൂടെയാണ് രാജ്യസഭ സീറ്റ് വിട്ടുകൊടുത്ത് കേരള കോൺഗ്രസിനെ യു.ഡി.എഫിൽ തിരിച്ചെത്തിക്കുന്ന പ്രഖ്യാപനം വന്നത്.
കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം. ഹസൻ എന്നിവർ മുന്നോട്ടുവെച്ച നിർദേശം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അംഗീകരിക്കുകയായിരുന്നു. ഇൗ ധാരണ രൂപപ്പെടുത്തിയ ശേഷമാണ് മൂവരും രാഹുലിനെ കണ്ടത്. ഇൗ തീരുമാനമെടുക്കാൻ കോൺഗ്രസിനെ പ്രേരിപ്പിച്ച മുസ്ലിംലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും കേരള കോൺഗ്രസ് വൈസ് ചെയർമാൻ േജാസ് കെ. മാണിയും രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയിൽ പെങ്കടുത്തു.
കേരള കോൺഗ്രസ് ഇല്ലാത്ത യു.ഡി.എഫിന് പ്രസക്തിയില്ലെന്നിരിക്കെ, വിട്ടുവീഴ്ചകൾ അനിവാര്യമാണെന്ന് സംസ്ഥാന നേതൃനിര ഹൈകമാൻഡിനോട് വിശദീകരിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20ൽ 17 സീറ്റിലും മത്സരിക്കുന്ന കോൺഗ്രസിന് കൂടുതൽ സീറ്റുപിടിക്കാൻ കേരള കോൺഗ്രസിെൻറ സഹായം കൂടിയേ കഴിയൂ. ദേശീയതലത്തിൽ കോൺഗ്രസിെൻറ കരങ്ങൾ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്നവരോടുള്ള വിട്ടുവീഴ്ചയാണ് രാജ്യസഭ സീറ്റ്.
പതിവിന് വിപരീതമായാണ് കോൺഗ്രസിെൻറ സീറ്റ് ഘടകകക്ഷിക്ക് വിട്ടുനൽകുന്നതെന്ന് ഉമ്മൻ ചാണ്ടി വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു. പ്രത്യേക സാഹചര്യങ്ങൾ മുൻനിർത്തി മാണി ഗ്രൂപ്പിെൻറ അഭ്യർഥന ഒറ്റത്തവണത്തേക്ക് പരിഗണിക്കുകയാണുണ്ടായത്. കോൺഗ്രസിന് ഇപ്പോൾ കിേട്ടണ്ട രാജ്യസഭ സീറ്റ് നാലു വർഷം കഴിഞ്ഞാണ് കിട്ടുക എന്നുമാത്രമാണ് ഇൗ തീരുമാനം വഴി സംഭവിക്കുന്നത്.
കേരള കോൺഗ്രസിന് ഉൗഴമാകുന്നതിനു മുേമ്പ നൽകുന്നുവെന്നു മാത്രം. മുന്നണിയുടെ പൊതുതാൽപര്യമാണ് നോക്കുന്നത് -ഉമ്മൻചാണ്ടി വിശദീകരിച്ചു. എന്നാൽ, കോൺഗ്രസ് പ്രവർത്തകരുടെ ആത്മാഭിമാനത്തിന് മുറിവേൽപിക്കുന്ന തീരുമാനമാണ് ഡൽഹിയിൽ ഉണ്ടായതെന്ന വ്യാപക വിമർശനമാണ് സംസ്ഥാന നേതൃത്വം ഏറ്റുവാങ്ങുന്നത്.
ഇത്തരമൊരു തീരുമാനത്തിെൻറ പ്രധാന ശിൽപി ഉമ്മൻ ചാണ്ടിയാണെന്ന് പി.ജെ. കുര്യൻ തുറന്നടിച്ചു. കേരള കോൺഗ്രസിന് സീറ്റ് നൽകുന്ന കാര്യം പാർട്ടിയിൽ ചർച്ചചെയ്തിട്ടില്ല. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം. ഹസൻ എന്നിവരുടെ മാത്രം തീരുമാനമാണ് നടപ്പാക്കിയതെന്നും പി.ജെ. കുര്യൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.