ന്യൂഡൽഹി: സി.പി.എം 22ാം പാർട്ടി കോൺഗ്രസ് അനുഭവം ബംഗാളിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ‘ദ ടെലിഗ്രാഫ്’ പത്രത്തിൽ വിശദീകരിച്ച് വി.എസ്. അച്യുതാനന്ദൻ. ഫാഷിസത്തിനും വർഗീയതക്കും എതിരായി പോരാടാൻ സ്വീകരിക്കേണ്ട തന്ത്രങ്ങളും നിലപാടുകളും സംബന്ധിച്ചായിരുന്നു പാർട്ടി കോൺഗ്രസിൽ ചർച്ചയുടെ മുഖ്യപങ്കും എന്ന് ‘പാർട്ടി കോൺഗ്രസിൽ ഞങ്ങൾ എന്ത് ചെയ്തു’ എന്ന ലേഖനത്തിൽ വ്യക്തമാക്കുന്നു.
സി.പി.എമ്മിൽ ബംഗാൾ ഘടകത്തിെൻറയും യെച്ചൂരിയുടെയും നിലപാടുകൾക്ക് പ്രാമുഖ്യം നൽകുന്ന ദിനപത്രമായാണ് ‘ദ ടെലിഗ്രാഫ്’ വിലയിരുത്തപ്പെടുന്നത്. ബി.ജെ.പി എന്ന മുഖ്യശത്രുവിനെ പരാജയപ്പെടുത്താൻ സ്വീകരിക്കേണ്ട രാഷ്ട്രീയ അടവുലൈൻ സംബന്ധിച്ച് കേരള-കാരാട്ട് പക്ഷെത്ത തള്ളി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ന്യൂനപക്ഷ അഭിപ്രായെത്തയാണ് ഭേദഗതിയിലൂടെ വി.എസ് പിന്തുണച്ചിരുന്നത്. കേന്ദ്ര കമ്മിറ്റിയിൽ കേരളത്തിൽനിന്ന് പ്രത്യേക ക്ഷണിതാവ് ആയ വി.എസിെൻറ ലേഖനം പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ ഇല്ല.
മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിെൻറയും കേരള ഘടകത്തിെൻറയും നിലപാടിന് വിരുദ്ധമായി ആർ.എസ്.എസിന് ഫാഷിസ്റ്റ് സ്വഭാവമാണെന്ന് വി.എസ് പറയുന്നു. ഫാഷിസത്തിന് എതിരെ െഎക്യമുന്നണിയെന്ന സൈദ്ധാന്തിക അടിത്തറപാകിയതിൽ മുഖ്യപങ്ക് വഹിച്ച ബൾഗേറിയൻ കമ്യൂണിസ്റ്റ് നേതാവും കമ്യൂണിസ്റ്റ് ഇൻറർനാഷനൽ ജനറൽ സെക്രട്ടറിയുമായിരുന്ന ജോർജി ദിമിത്രോവിനെ ഉദ്ധരിച്ച് ആർ.എസ്.എസ് ഫാഷിസ്റ്റ് സംഘടനതന്നെയെന്ന് വി.എസ് അടിവരയിടുന്നു .‘ആഗോള സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ത്യയിൽ ഉൾപെടെ വലതുപക്ഷത്തിെൻറയും നവ നാസികളുടെയും മുന്നേറ്റത്തിന് ഇടയാക്കുന്നത്. വലതുപക്ഷ, നവ നാസി രാഷ്ട്രീയ ശക്തികളുടെ മുന്നേറ്റം അപകടകരമായ പ്രതിഭാസമാണ്. നമ്മുടെ രാജ്യത്ത് ഒരു പ്രത്യേകതയുണ്ട്.
നല്ലപോലെ സംഘടിക്കപ്പെട്ട ഫാഷിസ്റ്റ് സ്വഭാവമുള്ള സംഘടനയായ ആർ.എസ്.എസാണ് ദശകങ്ങളായി രാജ്യത്തുള്ളത്. വിദേശത്തെ ഏതൊരു നവ നാസി സംഘടനകളെക്കാളും ആർ.എസ്.എസ് വളരെ മുന്നിലാണ്. ഇറ്റാലിയൻ ഫാഷിസ്റ്റുകൾക്കും ജർമൻ നാസികൾക്കും ഒപ്പം രൂപംകൊണ്ടതാണ് ആർ.എസ്.എസ്. അതിനാൽ അത് പുതിയ സംഘടനയല്ല. ആ അർഥത്തിൽ ആർ.എസ്.എസ് ‘നവനാസി’യും അല്ല. വർഗീയ കൂട്ടക്കൊല, വകവരുത്തലുകൾ, രാജ്യത്തിന് എതിരെ വിജയകരവും അപകടകരവുമായ ഗൂഢാലോചന എന്നിവ നടത്തിയതിെൻറ രക്തരൂഷിത ചരിത്രമുള്ളവരും പരിചയസമ്പന്നരുമാണ് അതിെൻറ നേതാക്കളും പ്രവർത്തകരും. പ്രതികൂല സാഹചര്യങ്ങളെ മറികടക്കാൻ കഴിവുണ്ട്. നേതൃനിര പരിചയസമ്പന്നരും പ്രവർത്തകനിര കാലോചിതവുമാണ്. ഇൗ സത്യത്തെ പാർട്ടി കോൺഗ്രസിൽ പെങ്കടുത്ത പ്രതിനിധികൾ പരിഗണിച്ചു. ആേഗാളതലത്തിൽ വലതുപക്ഷ- നവ നാസി പ്രതിഭാസത്തിെൻറ വളർച്ച രാജ്യത്ത് പ്രതിഫലിക്കുന്നത് എങ്ങനെയെന്ന് ചർച്ചചെയ്തു’ -വി.എസ് വിശദീകരിക്കുന്നു.
1964ൽ അവിഭക്ത സി.പി.െഎയുടെ ദേശീയ കൗൺസിലിൽനിന്ന് താനും 31 പേരും ഇറങ്ങിവന്നപ്പോൾ ലഭിച്ച രാഷ്ട്രീയ ഇച്ഛാശക്തി 22ാം പാർട്ടി കോൺഗ്രസ് കഴിഞ്ഞപ്പോൾ കൂടുതൽ ഉറച്ചതായെന്ന് സംശയലേശമന്യേ പറയാം. ഫാഷിസത്തെ നേരിടാൻ കമ്യൂണിസ്റ്റുകൾക്ക് ആരിൽനിന്നും പാഠം പഠിക്കേണ്ട ആവശ്യമില്ല. കമ്യൂണിസ്റ്റ് പാർട്ടികളുടെ മൂന്നാം ഇൻറർനാഷനലാണ് ഫാഷിസത്തിന് എതിരായി െഎക്യമുന്നണി എന്ന ആശയം ലോകത്തിന് നൽകിയത്. യൂറോപ്പിനെ മാത്രമല്ല ചൈനപോലുള്ള രാജ്യങ്ങളെയും സാമ്രാജ്യത്വത്തെയും ഫാഷിസത്തെയും നേരിടാൻ ഇൗ ആശയത്തിെൻറ രൂപരേഖയാണ് സഹായിച്ചത് എന്നും അദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.