g sudhakaran 87987

'സൈബർ ഗ്രൂപ്പൊന്നും പാർട്ടിക്കില്ല, അതൊക്കെ പാർട്ടിവിരുദ്ധം, രാഷ്ട്രീയ തന്തയില്ലായ്മ'; രൂക്ഷ പ്രതികരണവുമായി ജി. സുധാകരൻ

ആലപ്പുഴ: കെ.പി.സി.സി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതിനെ തുടർന്ന് തനിക്കെതിരെയുള്ള സൈബര്‍ ആക്രമണം രാഷ്ട്രീയ തന്തയില്ലായ്മയെന്ന് സി.പി.എം നേതാവ് ജി. സുധാകരന്‍. 'സൈബർ ഗ്രൂപ്പ് എന്നൊരു ഗ്രൂപ്പൊന്നും പാർട്ടിക്കില്ല. പാർട്ടി മെമ്പർമാരാണ് പാർട്ടിയുടെ സൈന്യം. സൈബർ ഗ്രൂപ്പൊന്നും പാർട്ടിയുടേതല്ല. അതൊക്കെ പാർട്ടിവിരുദ്ധരാണ്. രാഷ്ട്രീയ തന്തയില്ലായ്മയെന്നാണ് അതിന് പറയുന്നത്' -സുധാകരൻ പ്രതികരിച്ചു.

ഗാന്ധിജി – ശ്രീനാരായണഗുരു കൂടിക്കാഴ്ചയുടെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് കെ.പി.സി.സി സംഘടിപ്പിച്ച യോഗത്തില്‍ ജി. സുധാകരന്‍ പങ്കെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് അദ്ദേഹത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ വന്‍ ആക്രമണമാണുണ്ടായത്. ഇവരെയാണ് രൂക്ഷമായ ഭാഷയില്‍ അദ്ദേഹം വിമര്‍ശിച്ചത്. പൊതുയോഗം വിളിച്ച് തനിക്കെതിരെ പറയാന്‍ ഇവര്‍ക്ക് ധൈര്യമുണ്ടോയെന്നും സുധാകരൻ ചോദിച്ചു.

'അമ്പലപ്പുഴയിലും പരിസരത്തുമുള്ള പത്തുപതിനഞ്ചുപേരാണ് ഈ വിമര്‍ശനത്തിന് പിന്നില്‍. സൈബര്‍ പോരാളികള്‍ എന്നൊരു ഗ്രൂപ്പ് പാര്‍ട്ടിയില്‍ ഇല്ല. അത് മുഴുവന്‍ കള്ളപ്പേരാണ്. അവര്‍ പാര്‍ട്ടി വിരുദ്ധരാണ്, അവന്റെയൊക്ക അമ്മായി അപ്പന്റേയും അപ്പൂപ്പന്റേയുമൊക്കെ ഗ്രൂപ്പാണത്. പാര്‍ട്ടി അംഗങ്ങളാണ് പാര്‍ട്ടിയുടെ സൈന്യം. കെ.പി.സി.സി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതില്‍ തെറ്റില്ല. അവിടെ സംസാരിച്ചത് ഗാന്ധിയെക്കുറിച്ചാണ്. എന്നെ പിണറായി വിരുദ്ധനാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അങ്ങനെ ശ്രമിക്കുന്നവര്‍ക്ക് നാലു മുത്തം കിട്ടുമെങ്കില്‍ കിട്ടിക്കോട്ടേ. മരിക്കും വരെ കമ്മ്യൂണിസ്റ്റ് ആയിരിക്കും. എന്റെയടുത്ത് പരീക്ഷണങ്ങള്‍ ഒന്നും ആവശ്യമില്ല. അതിന്റെ കാലം കഴിഞ്ഞു. ഞാന്‍ ഇനി മുഖ്യമന്ത്രി ആകാനുമില്ല, മന്ത്രി ആകാനുമില്ല. അതിന്റെ കാലം കഴിഞ്ഞു. പാര്‍ട്ടി മെമ്പര്‍ ആയി കമ്മ്യൂണിസ്റ്റുകാരനായി ജീവിക്കും' -സുധാകരൻ പറഞ്ഞു. 

Tags:    
News Summary - party does not have any cyber groups, they are all anti-party says G Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.