കൊച്ചി: മകൾക്ക് പഠിക്കാനാവുന്നില്ലെന്നാരോപിച്ച് ഭക്തിഗാനം പാടിക്കൊണ്ടിരുന്ന ആളെ വീട്ടിൽ കയറി കുത്തിക്കൊന്ന കേസിലെ ഒന്നാം പ്രതിയുെട ജീവപര്യന്തം തടവുശിക്ഷ ഹൈകോടതി ശരിവെച്ചു. അതേസമയം, മൂന്നാം പ്രതിയുടെ ശിക്ഷ റദ്ദാക്കി വെറുതെവിട്ടു. പത്തനംതിട്ട ചിറ്റാർ കിഴക്കേക്കരയിൽ 2011 മാർച്ച് 19ന് രാത്രി എട്ടിനുണ്ടായ സംഭവത്തിൽ ശശിധരൻ പിള്ളയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ചിറ്റാർ കിഴക്കേക്കര നീലിപിലാവ് സാൻ എന്ന സാബുവിന് പത്തനംതിട്ട അഡീഷനൽ സെഷൻസ് കോടതി 2017 േമയ് ആറിന് വിധിച്ച ശിക്ഷയാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ശരിവെച്ചത്.
ജീവപര്യന്തം ശിക്ഷ ലഭിച്ച മൂന്നാം പ്രതി ലാലു എന്ന ലാലുമോനെയാണ് വെറുതെ വിട്ടത്. മൂന്ന് പ്രതികളുണ്ടായിരുന്ന കേസിൽ രണ്ടാം പ്രതി വിചാരണക്കുമുേമ്പ മരിച്ചു. തടവുശിക്ഷക്ക് പുറമെ ഒരു ലക്ഷം പിഴയും വിധിച്ചിരുന്നു.
വരാന്തയിലിരുന്ന് ശശിധരൻ പിള്ള പാടുന്നതിനിടെ മകൾക്ക് പഠിക്കാൻ കഴിയുന്നില്ലെന്ന് ആക്രോശിച്ച് ഒന്നാം പ്രതിയും മറ്റ് രണ്ടുപേരും വീട്ടിലേക്ക് വന്ന് തർക്കമുണ്ടായി. ഇതിനിടെ, സാബു മൂന്നുതവണ നെഞ്ചിൽ കുത്തി. ഉടൻ പിള്ള മരിച്ചു. തെളിവുകളില്ലാതെയാണ് സെഷൻസ് കോടതി വിധിയെന്ന് ചൂണ്ടിക്കാട്ടി ഇരുവരും ഹൈകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. ശശിധരൻ പിള്ളയുടെ ഭാര്യയാണ് പ്രധാന സാക്ഷിയെന്നും മൊഴി അവിശ്വസനീയമെന്നുമായിരുന്നു പ്രധാന വാദം.
എന്നാൽ, നേരിട്ട് സാക്ഷിമൊഴിയുള്ള കേസാണിതെന്നും തെളിവുകൾ അവിശ്വസിക്കേണ്ടതില്ലെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു. കത്തിയുമായാണ് ഒന്നാം പ്രതി വന്നതെന്നത് മുൻകൂട്ടി പദ്ധതിയിട്ടാണ് കുറ്റകൃത്യം നടത്തിയതെന്ന് വ്യക്തമാക്കുന്നു. സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും തമ്മിൽ പൊരുത്തപ്പെടുന്നതായും കോടതി വ്യക്തമാക്കി.
എന്നാൽ, ലഭ്യമായ വസ്തുതകളിൽനിന്ന് മൂന്നുപേരും ചേർന്ന് ആസൂത്രണം ചെയ്താണ് കൊല നടത്തിയതെന്ന് കരുതാനാവില്ല. രണ്ടും മൂന്നും പ്രതികൾ തൊട്ടടുത്ത താമസക്കാരല്ലാത്തതിനാൽ കൊല്ലപ്പെട്ടയാളുടെ പാട്ടുമൂലം ശല്യം അനുഭവിക്കുന്നവരാണെന്ന് കരുതാനാകില്ല. പ്രതിയുടെ കൂടെ വന്നു എന്നതുെകാണ്ടുമാത്രം ഇവർക്കും പങ്കാളിത്തമുണ്ടെന്നും കരുതാനാവില്ല. ഒന്നാം പ്രതിക്കൊപ്പം ചേർന്ന് ഇവരും കൃത്യനിർവഹണത്തിന് കൂടിയാലോചന നടത്തിയതിന് തെളിവില്ലെന്നും വ്യക്തമാക്കിയ കോടതി ലാലുമോനെ വെറുതെവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.