പത്തനംതിട്ട: പത്തനംതിട്ട സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വ്യാപകമായി കള്ളവോട്ട് ചെയ്തതായി ആരോപണം. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അമൽ ഒന്നിലധികം തവണ വോട്ട് ചെയ്‌തെന്നാണ് യു.ഡി.എഫിന്‍റെ ആരോപണം. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ഉൾപ്പെടെ സി.പി.എം അനുകൂലികൾ കള്ളവോട്ടു ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
സി.പി.എം പെരിങ്ങനാട് ലോക്കൽ സെക്രട്ടറി അഖിൽ പെരിങ്ങനാട്, എസ്.എഫ്.ഐ കൊടുമൺ ഏരിയ പ്രസിഡന്റ് കിരൺ, ഡി.വൈ.എഫ്.ഐ മല്ലപ്പള്ളി ബ്ലോക്ക് കമ്മിറ്റിയംഗം ജോയേഷ് പോത്തൻ അടക്കമുള്ളവരും ബാങ്ക് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന്റെ വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അമൽ പലപ്പോഴായി ക്യൂകളിൽ വന്ന് നിൽക്കുന്നതായും വ്യത്യസ്ത ബുത്തുകളിൽ കയറി അഞ്ച് തവണ വോട്ടു ചെയ്യുന്നതായും ദൃശ്യങ്ങളിൽ കാണാം.
കഴിഞ്ഞ ഞായറാഴ്ചയാണ് പത്തനംതിട്ട നഗര പരിധിയിലെ സഹകരണ ബാങ്കിൽ വോട്ടെടുപ്പ് നടന്നത്. നഗര പരിധിയിലുള്ളവർക്കാണ് വോട്ടവകാശമുണ്ടായിരുന്നത്. എന്നാൽ, തിരുവല്ലയിൽ താമസിക്കുന്ന അമൽ ഇവിടെയെത്തി വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അമൽ അഞ്ച് തവണ വോട്ട് ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ടെന്നാണ് ആക്ഷേപം. ബാങ്ക് തെരഞ്ഞെടുപ്പിൽ യു.ഡി.എഫാണ് വിജയിച്ചത്. എൽ.ഡി.എഫിന് ഒരു സീറ്റിൽ മാത്രമായിരുന്നു ജയം. തെരഞ്ഞെടുപ്പിനിടെ ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടായിരുന്നു. പിന്നാലെയാണ് കള്ളവോട്ട് ആരോപണം ഉയർന്നത്.
ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ യു.ഡി.എഫ് കള്ളവോട്ട് ചെയ്തെന്നാരോപിച്ച് എൽ.ഡി.എഫും രംഗത്തെത്തി.കള്ളവോട്ട് ചെയ്യാൻ അറിയുമെന്ന് കാണിച്ചുകൊടുത്തെന്ന കോൺഗ്രസ് കൗൺസിലറും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ അഡ്വ. സുരേഷ് കുമാറിന്റെ പ്രസംഗം പുറത്തുവിട്ടാണ് സി.പി.എം പ്രതിരോധം തീർത്തത്. ബാങ്ക് തെരഞ്ഞെടുപ്പ് ജയിച്ച ശേഷം വൈകിട്ട് നടന്ന ആഹ്ലാദ പ്രകടനത്തിനിടയിലെ പ്രസംഗത്തിലാണ് കള്ളവോട്ട് ചെയ്ത കാര്യം സുരേഷ് പറയുന്നത്.
'കള്ളവോട്ടും തെമ്മാടിത്തരവും കാണിക്കാൻ ഇവർക്ക് മാത്രമല്ല ഞങ്ങൾക്കും അറിയാം എന്ന് കാണിച്ചുകൊടുത്ത തെരഞ്ഞെടുപ്പാണിത്' എന്നാണ് സുരേഷ് കുമാർ പറയുന്നത്. അതേസമയം, തങ്ങളുടെ വോട്ടുകൾ മറ്റാരോ ചെയ്തുവെന്ന് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനെത്തിയവരുടെ പ്രതികരണങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതൽ തന്നെ ഇരു മുന്നണികളും കള്ളവോട്ട് ചെയ്തുവെന്ന് പരസ്പരം ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.