തിരുവനന്തപുരം: മുതിർന്ന െഎ.എ.എസ് ഉദ്യോഗസ്ഥൻ പോൾ ആൻറണിയെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം ഡിസംബർ 31ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. ഉൗർജം, വ്യവസായം അടക്കം സുപ്രധാന വകുപ്പുകളിൽ ഏറെക്കാലം അനുഭവപരിചയമുള്ള പോൾ ആൻറണിക്ക് ചീഫ് സെക്രട്ടറി സ്ഥാനത്ത് 2018 ജൂൺ 30വരെ കാലാവധിയുണ്ട്. വ്യവസായ വകുപ്പിെൻറ താല്‍ക്കാലിക ചുമതല ജനുവരി ഒന്ന് മുതല്‍ തദ്ദേശ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ. ജോസിന് നല്‍കും. ഊർജ വകുപ്പിെൻറ താല്‍ക്കാലിക ചുമതല വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ഇളങ്കോവനായിരിക്കും. ചീഫ് സെക്രട്ടറി എന്ന നിലയില്‍ കെ.എം. എബ്രഹാമിെൻറ സേവനത്തിന് മന്ത്രിസഭ നന്ദി രേഖപ്പെടുത്തി.
1983 ബാച്ച് െഎ.എ.എസ് ഉദ്യോഗസ്ഥനാണ് പോൾ ആൻറണി. നിലവിൽ വ്യവസായം, ഉൗർജം, വനം വകുപ്പുകളുടെ അഡീഷനൽ ചീഫ് െസക്രട്ടറിയാണ് അദ്ദേഹം. സിവിൽ സർവിസിൽ 34 വർഷത്തെ പ്രവൃത്തിപരിചയമുള്ള പോൾ ആൻറണി 2011-16 കാലത്ത് കൊച്ചിൻ പോർട്ട് ട്രസ്റ്റിെൻറ ചെയർമാനായിരുന്നു. വൈദ്യുതി ബോർഡ് ചെർമാൻ, ഉൗർജം, പട്ടികവിഭാഗ വകുപ്പുകളുടെ പ്രിൻസിപ്പൽ സെക്രട്ടറി, സംസ്ഥാന വാണിജ്യ നികുതി കമീഷണർ, പ്രത്യേക സാമ്പത്തിക മേഖല കമീഷണർ, സപ്ലൈകോ മാനേജിങ് ഡയറക്ടർ, വ്യവസായ വാണിജ്യ വകുപ്പ് കമീഷണർ എന്നീ നിലകളിലും പ്രവൃത്തിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ ജില്ലകളിൽ കലക്ടറായും പ്രവർത്തിച്ചു. ഭാര്യ: നീന പോൾ. മക്കൾ: ആൻറണി, തെരേസ. ആലുവയിലാണ് താമസം. ഇ.പി. ജയരാജൻ ഉൾപ്പെട്ട ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പിൽനിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പോൾ ആൻറണി ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു.
കെ.എം. എബ്രഹാം ഇന്നവേഷൻ കൗൺസിൽ ചെയർമാൻ
തിരുവനന്തപുരം: ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിക്കുന്ന ഡോ. കെ.എം. എബ്രഹാമിനെ ചെയർമാനാക്കി സംസ്ഥാന ഇന്നവേഷന്‍ കൗണ്‍സില്‍ പുനഃസംഘടിപ്പിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. മറ്റ് ചില തസ്തികകളും അദ്ദേഹത്തിന് നൽകുന്നുണ്ട്. നാനോ ശാസ്ത്രജ്ഞന് ഡോ. പുളിക്കല്‍ അജയന്, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ്.ഡി. ഷിബുലാല്‍, ബാങ്കിങ് വിദഗ്ധന്‍ ശ്യാം ശ്രീനിവാസന്, പ്രശസ്ത രസതന്ത്ര ഗവേഷകന് ഡോ. കെ.എം. എബ്രഹാം (യു.എസ്.എ) എന്നിവര്‍ അംഗങ്ങളായിരിക്കും.
കിഫ്ബി സി.ഇ.ഒയുടെ ചുമതല കെ.എം. എബ്രഹാം തുടര്‍ന്നും വഹിക്കും. സര്‍ക്കാറിെൻറ ധനകാര്യ (ഇന്‍ഫ്രാസ്ട്രക്ചര്‍), ആസൂത്രണ -സാമ്പത്തികകാര്യ (ഡെവലപ്മെൻറ് ആൻഡ് ഇന്നവേഷന്‍) എന്നീ വകുപ്പുകളുടെ എക്സ് ഒഫിഷ്യോ സെക്രട്ടറി കൂടിയായിരിക്കും ഡോ. എബ്രഹാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.