നെൽവയൽ ഉടമകൾക്ക്​ റോയൽറ്റി നൽകുന്ന പദ്ധതി തുടങ്ങി

തൃശൂർ: രാജ്യത്താദ്യമായി നെൽവയൽ ഉടമകൾക്ക്​ റോയൽറ്റി നൽകുന്ന സംവിധാനം കേരളത്തിൽ നിലവിൽ വന്നു. ഹെക്​ടറിന് ഓരോ സാമ്പത്തിക വർഷവും 2000 രൂപ നിരക്കിൽ റോയൽറ്റി നൽകും. പദ്ധതിയുടെ വിതരണോദ്ഘാടനം തൃശൂർ പ്ലാനിങ് ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു. രാജ്യത്ത്, പ്രത്യേകിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇപ്പോഴും കൃഷി അനാദായകരവും നഷ്​ടവുമാണ് എന്ന വസ്തുത നിലനിൽക്കെ കേരളം കാർഷിക മേഖലയിൽ സ്വയം പര്യാപ്തത കൈവരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ഒന്നര ലക്ഷം ഹെക്​ടറിൽനിന്ന് 2.2 ലക്ഷം ഹെക്​ടറിലേക്ക് കൃഷിഭൂമി വികസിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. സർക്കാർ അധികാരത്തിൽ വന്ന ശേഷം 50,000 ഏക്കർ തരിശുഭൂമിയിൽ കൃഷിയിറക്കിയതായി മന്ത്രി വ്യക്​തമാക്കി. കർഷകർക്ക് റോയൽറ്റി വിതരണം സുനിൽകുമാർ നിർവഹിച്ചു.

മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എ.സി. മൊയ്തീൻ, പ്രഫ. സി. രവീന്ദ്രനാഥ്, ചീഫ് വിപ്പ് കെ. രാജൻ, തൃശൂർ ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ മേരി തോമസ്, കൃഷി അഡീഷനൽ ഡയറക്​ടർമാരായ ഡോ. രാജേന്ദ്രലാൽ, കെ. രാധാകൃഷ്ണൻ, പ്രിൻസിപ്പൽ കൃഷി ഓഫിസർ ഇൻ-ചാർജ് മാത്യു ഉമ്മൻ, ഡെപ്യൂട്ടി ഡയറക്ടർമാരായ വി.ആർ. നരേന്ദ്രൻ, വി. സന്ധ്യ, നീന കെ. മേനോൻ തുടങ്ങിയവർ പങ്കെടുത്തു. കൃഷി വകുപ്പ് സെക്രട്ടറി ഡോ. രത്തൻ ഖേൽക്കർ പദ്ധതി വിശദീകരിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയ് സ്വാഗതവും കൃഷി ഡയറക്ടർ ഡോ. വാസുകി നന്ദിയും പറഞ്ഞു.

റോയൽറ്റി അപേക്ഷ www.aims.kerala.gov.in എന്ന പോർട്ടലിൽ ഓൺലൈനായി സമർപ്പിക്കണം. കർഷകർക്ക് വ്യക്തിഗത ലോഗിൻ ഉപയോഗിച്ച് സ്വന്തമായോ അക്ഷയകേന്ദ്രം വഴിയോ അപേക്ഷിക്കാം.

Tags:    
News Summary - pay royalties to paddy field owners started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.