കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുനേരെ പഴയങ്ങാടിയിൽ നടന്ന ആക്രമണത്തെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കണ്ണൂർ സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി. ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയത് ‘ജീവൻരക്ഷാ പ്രവർത്തന’മാണെന്നും കേരളത്തിൽ ഉടനീളം ഇത് തുടരണമെന്നുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഇന്ത്യൻ ശിക്ഷ നിയമം 153 പ്രകാരം മുഖ്യമന്ത്രിക്ക് എതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് വിജിൽ മോഹനൻ പരാതി നൽകിയത്.
അതിനിടെ, ഇരിട്ടിയിലും മട്ടന്നൂരിലും നവകേരള സദസ്സിനിടെ പ്രതിഷേധിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. യൂത്ത് കോൺഗ്രസ് നേതാവ് ഷാനിദ് പുന്നാട്, പേരാവൂർ ബ്ലോക്ക് പ്രസിഡന്റ് നിധിൻ നടുവനാട്, ജിബിൻ, സി.കെ. അർജുൻ, എബിൻ കേളകം, ജോബിഷ് പോൾ തുടങ്ങിയവരെയാണ് ഇരിട്ടി പൊലീസ് കരുതൽ കസ്റ്റഡിയിലെടുത്തത്. ഇവരെ ഇരിട്ടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. യൂത്ത് കോൺഗ്രസ് മുഴക്കുന്ന് മണ്ഡലം പ്രസിഡന്റ് ജോഫിൻസ് ജെയിംസിനെ കാക്കയങ്ങാട് പെലീസ് സ്റ്റേഷനിൽ കരുതൽ തടങ്കലിലാക്കി.
മട്ടന്നൂരിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ് നേതാവ് ഫർസിൻ മജീദ്, മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ജിതിൻ പി.കെ. കൊളപ്പ, കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട് തുടങ്ങിയവരെയും കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.